അക്കൗണ്ടിൽ ആകെയുള്ളത് 2,00,850 രൂപ; ഇതിൽ നിന്ന് 2 ലക്ഷവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി വയോധികൻ

വാക്സിൻ ക്ഷാമത്തെ കേരളം ഒറ്റക്കെട്ടായി നേരിടുമെന്ന വിശ്വാസത്തിന് പ്രതീക്ഷയേറ്റുന്ന കഥകളാണ് അടുത്തിടെയായി നമുക്ക് ചുറ്റും സംഭവിക്കുന്നത്. അത്തരത്തിലൊരു സംഭവമാണ് കണ്ണൂരിലും നടന്നത്. മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിലടക്കം ഇക്കാര്യം മുഖ്യമന്ത്രി എടുത്ത് പറഞ്ഞു.
തന്‍റെ സേവിങ്ങ് അക്കൗണ്ടിലുള്ള 2,00,850 രൂപയില്‍ നിന്ന് രണ്ടുലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറണമെന്ന ആവശ്യവുമായി ഒരു ബീഡി തൊഴിലാളി കഴിഞ്ഞ ദിവസം ബാങ്കിലെത്തി.
സമ്പാദ്യം കൈമാറിയാല്‍ പിന്നീട് ഒരാവശ്യത്തിന് എന്തുചെയ്യുമെന്ന ജീവനക്കാരന്‍റെ ചോദ്യത്തിന് തനിക്ക് ഒരു തൊഴിലുണ്ടെന്നും കൂടാതെ ഭിന്നശേഷി പെന്‍ഷന്‍ ലഭിക്കുന്നുണ്ടെന്നും അദ്ദേഹം മറുപടി പറയുന്നു. സഹോദരങ്ങളുടെ ജീവനേക്കാള്‍ വലുതല്ല തന്‍റെ സമ്പാദ്യമെന്നാണ് അദ്ദേഹം പറഞ്ഞത്.
കണ്ണൂരിലെ കേരളാ ബാങ്ക് ജിനക്കാരിയായ സൗന്ദർ രാജ് സിപിയാണ് ഇന്ന് ബാങ്കിലുണ്ടായ സംഭവം ഫേസ്ബുക്കിലൂടെ പുറംലോകത്തെ അറിയിച്ചത്.
ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ :
ഇന്നലെ ഞാൻ ജോലിചെയ്യുന്ന ബാങ്കിൽ പ്രായമുള്ള ഒരാൾ വന്നു. പാസ്സ് ബുക്ക് തന്നു ബാലൻസ് ചോദിച്ചു…200850 രൂപ ഉണ്ടെന്നു പറഞ്ഞു.
” ഇതിൽ രണ്ടു ലക്ഷം രൂപ മുഖ്യമന്ത്രിക്ക് കോവിഡ് വാക്സിൻ വാങ്ങുന്നതിനു സംഭാവന നൽകണം “
കാണുമ്പോൾതന്നെ അവശത തോന്നുന്ന ഒരു മനുഷ്യൻ. കുറച്ചു സംസാരിച്ചപ്പോൾ ജീവിക്കാൻ മറ്റ് ചുറ്റുപാടുകൾ ഒന്നും ഇല്ലെന്നു മനസ്സിലായി.
വേണ്ടത്ര ആലോചന ഇല്ലാതെ എടുത്ത തീരുമാനം ആണെങ്കിലോ എന്നുകരുതി ഒരു ലക്ഷം ഇപ്പോഴും ബാക്കി അല്പം കഴിഞ്ഞും അയച്ചാൽ പോരെ എന്ന് ചോദിച്ചു. നിങ്ങൾക്ക് എന്തെങ്കിലും പൈസ ആവശ്യമായി വന്നാലോ.
“എനിക്ക് ജീവിക്കാൻ ഇപ്പോൾ യാതൊരു ബുദ്ധിമുട്ടും ഇല്ല. വികലാംഗ പെൻഷൻ കിട്ടുന്നുണ്ട്. കൂടാതെ ബീഡി തെറുപ്പും ഉണ്ട് അതിനു ആഴ്ചയിൽ 1000രൂപ വരെ കിട്ടാറുണ്ട്. എനിക്ക് ജീവിക്കാൻ ഇതു തന്നെ ധാരാളം. ” “മുഖ്യമന്ത്രി ഇന്നലെ ഈ കാര്യം പറഞ്ഞപ്പോൾ എടുത്ത തീരുമാനമാണ്. വളരെ ആലോചിച്ചു തന്നെ. ഇതു ഇന്നയച്ചാലേ എനിക്ക് ഉറങ്ങാൻ കഴിയൂ. എന്റെ പേര് ആരോടും വെളിപ്പെടുത്തരുത് “
അനാവശ്യ ചോദ്യം ചോദിക്കേണ്ടിയിരുന്നില്ല എന്ന് തോന്നി ആ മുഖഭാവം കണ്ടപ്പോൾ….
ഇങ്ങനെയുള്ള നന്മയുള്ള മനസ്സുകളാണ് നമ്മുടെ നാടിനെ താങ്ങി നിർത്തുന്നത്.
അതാണ് ഉറപ്പോടെ പറയുന്നത് നമ്മൾ ഇതും അതിജീവിക്കും…..
അതാണ് ഉറപ്പോടെ പറയുന്നത്
ഇത് കേരളമാണ്
Story highlights: man donates 2 lakh to cmdrf
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here