രാജ്യത്തെ സ്വകാര്യ ആശുപത്രികളിൽ വാക്‌സിൻ നൽകാൻ സെറം ഇൻസ്റ്റിറ്റ്യൂട്ട് നിശ്ചയിച്ചത് ലോകത്തിലെ ഏറ്റവും ഉയർന്ന വില; റിപ്പോർട്ട്

രാജ്യത്തെ സ്വകാര്യ ആശുപത്രികളിൽ വാക്‌സിൻ നൽകാൻ സെറം ഇൻസ്റ്റിറ്റ്യൂട്ട് നിശ്ചയിച്ചത് ലോകത്തിലെ ഏറ്റവും ഉയർന്ന വിലയെന്ന് റിപ്പോർട്ട്. യു.എസ്, യു.കെ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് ഈടാക്കുന്നതിനേക്കാൾ ഉയർന്ന വിലയ്ക്കാണ് സ്വകാര്യ, ആശുപത്രികൾക്കും സർക്കാരുകൾക്കും നൽകാൻ തീരുമാനിച്ചത്.
സംസ്ഥാനങ്ങൾക്ക് 400 ഉം സ്വകാര്യ ആശുപത്രികൾക്ക് 600 രൂപയ്ക്കുമാണ് വാക്‌സിൻ നൽകാൻ സെറം ഇൻസ്റ്റിറ്റ്യൂട്ട് തീരുമാനിച്ചത്. ഇത് യു.എസ്, യൂറോപ്യൻ യൂണിയൻ, യു.കെ തുടങ്ങിയ രാജ്യങ്ങളിലെ സർക്കാരുകൾ നേരിട്ട് അസ്ട്രസെനെക്കയിൽ നിന്ന് വാങ്ങുന്ന വിലയേക്കാൾ കൂടുതലാണെന്നാണ് റിപ്പോർട്ട്. ഒരു ഡോസ് വാക്‌സിനായി 2.15 മുതൽ 3.5 ഡോളറാണ് യൂറോപ്യൻ യൂണിയൻ മുടക്കുന്നത്. ഇന്ത്യൻ വിപണിയിൽ ഏകദേശം 180 മുതൽ 270 രൂപ വരും. യു. കെ കൊവിഷീൽഡിന്റെ ഒരു ഡോസിനായി മുടക്കുന്നത് മൂന്ന് ഡോളറാണ്. സെറം ഇൻസ്റ്റ്യൂട്ട് സംസ്ഥാനങ്ങൾക്ക് നൽകുന്നത് 6 ഡോളറിനും സ്വകാര്യ ആശുപത്രികൾക്ക് 8 ഡോളറിനും തുല്യമാണ്. ബംഗ്ലദേശ്, സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങൾ ഇതിലും കുറഞ്ഞ നിരക്കിലാണ് സെറം ഇൻസ്റ്റിറ്റ്യൂട്ടുമായി കരാറിലേർപ്പെട്ടിരിക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു.
വില നിശ്ചയിക്കാനുള്ള അധികാരം സ്വകാര്യ കമ്പനിക്ക് നൽകിയതിനെതിരെ പ്രതിപക്ഷ പാർട്ടികളും വിവിധ സംസ്ഥാനങ്ങളും കേന്ദ്രത്തെ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. പി ആർ പ്രൊജക്ടുകളിൽ പണം ചിലവഴിക്കാതെ വാക്‌സിൻ പ്രതിസന്ധി മറികടക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. അതിനിടെ വാക്‌സിൻ നയത്തിൽ മാറ്റമില്ലെന്ന് വ്യക്തമാക്കിയ കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് നിലവിൽ നൽകുന്നത് പോലെ തന്നെ സൗജന്യമായി നൽകുന്നത് തുടരുമെന്ന് അറിയിച്ചു .
Story highlights: Serum Institute’s Covishield price for private hospitals highest world over: Report
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here