അസുഖ ബാധിതരായി മൂന്ന് മക്കള്‍; ജീവിക്കാന്‍ വഴിയില്ലാതെ രോഗിയായ ഷമീറും കുടുംബവും സഹായം തേടുന്നു

പല വിധത്തിലാണ് ഓരോ മനുഷ്യരുടെയും ജീവിതത്തില്‍ ദുരിതങ്ങള്‍ തേടിയെത്തുന്നത്. സന്തോഷകരമായി മുന്നോട്ടുപോയിരുന്ന കൊല്ലം ആദിച്ചനല്ലൂര്‍ സ്വദേശി ഷമീറിന്റേയും കുടുംബത്തിന്റേയും ജീവിതം താളം തെറ്റുന്നത് എട്ട് കൊല്ലം മുന്‍പാണ്. ജീവിക്കാന്‍ ഒരു മാര്‍ഗവുമില്ലാതെ ഈ നോമ്പുകാലത്ത് ദൈവത്തെ മാത്രം പ്രാര്‍ത്ഥിച്ചു കഴിയുകയാണ് അഞ്ചംഗ കുടുംബം.

വാഹനം എത്തിയാല്‍ ഒരു കുടുസ്സു മുറിയും അടുക്കളയും മാത്രമുള്ള ഇവരുടെ വീട്ടിലെത്താന്‍ പിന്നെ താഴ്ചയിലേക്ക് ഏറെ നടക്കണം. ഒരു കട്ടില്‍ പോലും വാങ്ങിയിടാന്‍ നിവൃത്തിയില്ല. ഈ വീടെങ്കിലും കിട്ടിയത് ഭാഗ്യം എന്നാണ് ഷമീറും കുടുംബവും പറയുന്നത്. കാരണം, കഴിഞ്ഞ രണ്ടു മാസത്തിനിടെ വാടക കൊടുക്കാന്‍ ഇല്ലാത്തതിനാല്‍ മൂന്നാമത്തെ വീട്ടിലേക്കാണ് ഇവര്‍ താമസം മാറുന്നത്.

ഓട്ടോ ഡ്രൈവറായിരുന്ന ഷമീറിന്റെ ജീവിതം താളം തെറ്റുന്നത് എട്ട് വര്‍ഷം മുന്‍പാണ്. 2013 ല്‍ ഉണ്ടായ ഒരു അപകടം ഷമീറിനെ എത്തിച്ചത് ഒരു മാസം നീണ്ട അബോധാവസ്ഥയില്‍ ആയിരുന്നു. പിന്നീട് ചികിത്സയ്ക്കായി ഉണ്ടായിരുന്ന കിടപ്പാടവും മുഴുവന്‍ സമ്പാദ്യങ്ങളും വിറ്റു. ഒന്നുമില്ലാതെ വില്ലേജ് ഓഫീസ് പടിക്കല്‍ വരെ അന്തിയുറങ്ങി. സര്‍ക്കാരുകള്‍ വാഗ്ദാനം പലതും നല്‍കി. ഈ നിമിഷം വരെയും ഒന്നും നടപ്പിലായിട്ടില്ല.

34 കാരനായ ഷമീറിനും ഹസീനക്കും മൂന്ന് മക്കളാണുള്ളത്. യൂസഫ്, ഷഹനാസ്, സുല്‍ത്താന എന്നിവര്‍ മൂന്നുപേരും അസുഖക്കാരാണ്. കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കാന്‍ പോലും കഴിയാത്ത പ്രതിസന്ധിയാണ് ഈ കുടുംബത്തിനുള്ളത്.

ഭാര്യ അസീനയുടെ തൊഴിലുറപ്പ് ജോലി മാത്രമാണ് ഏക വരുമാനമാര്‍ഗം. നോമ്പ് കാലമായതിനാല്‍ പള്ളിയില്‍ നിന്നും കിട്ടുന്ന കഞ്ഞിയാണ് ഇവരുടെ ഇപ്പോഴത്തെ അന്നം. ഒഴിഞ്ഞ മരുന്നു കുപ്പികള്‍ നോക്കി നെടുവീര്‍പ്പിടുകയാണ് കുടുംബം. ഏതെങ്കിലും സുമനസുകളുടെയോ അധികാരികളുടേയോ സഹായം മാത്രം പ്രതീക്ഷിച്ച് കാത്തിരിക്കുകയാണവര്‍.

അക്കൗണ്ട് വിവരങ്ങള്‍-

അസീന

അക്കൗണ്ട് നമ്പര്‍: 1548101022878

Ifsc: CNRB0001548

CANARA BANK ADICHANALLOOR

Story highlights: seeks help, kollam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top