കൊവിഡ് രണ്ടാം വ്യാപനം; മസ്ജിദുകൾ സർക്കാർ നിർദേശങ്ങൾ പാലിക്കണമെന്ന് ജമാഅത്ത് കൗൺസിൽ

കൊവിഡ് രണ്ടാം വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ മസ്ജിദുകൾ സർക്കാർ നിർദേശങ്ങൾ പാലിക്കണമെന്ന് ജമാഅത്ത് കൗൺസിൽ. ശാരീരിക അകലം, മാസ്ക്, പ്രാർത്ഥനക്കെത്തുന്ന ഓരോരുത്തർക്കും പ്രത്യേക മാറ്റ് തുടങ്ങിയ സർക്കാർ നിർദ്ദേശങ്ങൾ പാലിക്കുന്ന കാര്യത്തിൽ മസ്ജിദ് പരിപാലന സമിതികൾ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ സംസ്ഥാന കമ്മറ്റി ആഹ്വാനം ചെയ്തു. പത്ത് വയസ്സിന് താഴെയുള്ളവരും 65 ന് മുകളിലുള്ള വരും പള്ളിയിൽ പ്രവേശിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തണം. കൊവിഡ് മഹാമാരിയിൽ നിന്ന് രക്ഷപ്പെടാൻ എല്ലാ പള്ളികളിലും നമസ്കാരത്തിൽ പ്രത്യേക പ്രാർത്ഥന നടത്തണമെന്നും ജമാഅത്ത് കൗൺസിൽ അഭിപ്രായപ്പെട്ടു.
അതേസമയം, സംസ്ഥാനത്ത് ഇതുവരെ വിതരണം ചെയ്തത് 68,27,750 ഡോസ് കൊവിഡ് വാക്സിൻ ആണ്. ആദ്യ ഡോസ് വാക്‌സിൻ സ്വീകരിച്ചത് 57,88,558 പേരാണ്. ഇതിൽ 10,39,192 പേർക്ക് രണ്ടാം ഡോസ് വാക്സിനും വിതരണം ചെയ്തു. നിലവിൽ കേരളത്തിൽ സ്റ്റോക്കുള്ളത് മൂന്നുലക്ഷം ഡോസ് വാക്‌സിൻ മാത്രമാണ്.
രണ്ടു ദിവസത്തിനുള്ളിൽ കൂടുതൽ ഡോസുകൾ എത്തിയില്ലെങ്കിൽ വീണ്ടും വാക്സിനേഷൻ പ്രതിസന്ധിയുണ്ടാകും. ഇത് മറി കടക്കാൻ എത്രയും വേഗം സ്വന്തം നിലയിൽ കമ്പനികളിൽ നിന്ന് നേരിട്ട് വാക്‌സിൻ വാങ്ങാനുള്ള നടപടികൾ സർക്കാർ ഊർജിതമാക്കി. അടിയന്തരമായി കൂടുതൽ വാക്സിൻ എത്തിച്ചില്ലെങ്കിൽ ശനിയാഴ്ച മുതൽ നൽകാൻ നിശ്ചയിച്ചിരിക്കുന്ന 18 വയസിന് മുകളിലുള്ളവരുടെ വാക്‌സിനേഷൻ തുടങ്ങാനാകില്ല. നിലവിൽ മിക്ക ജില്ലകളിലും വാക്‌സിനേഷൻ ക്യാമ്പുകളുടെ എണ്ണം പരമാവധി കുറച്ചിട്ടുണ്ട്. ശനിയാഴ്ച വരെയുള്ള രജിസ്‌ട്രേഷനും പൂർത്തിയായി.
Story highlights: Jamaat council urges mosques to comply with government directives
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here