അവസാന ഓവറിൽ 37 റൺസ്; ചെന്നൈക്ക് കൂറ്റൻ സ്കോർ

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ ചെന്നൈ സൂപ്പർ കിംഗ്സിന് കൂറ്റൻ സ്കോർ. നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 191 റൺസാണ് ചെന്നൈ അടിച്ചുകൂട്ടിയത്. രവീന്ദ്ര ജഡേജയാണ് (62) ചെന്നൈയുടെ ടോപ്പ് സ്കോറർ. ഫാഫ് ഡുപ്ലെസിയും (50) തിളങ്ങി. ആർസിബിയ്ക്ക് വേണ്ടി ഹർഷൽ പട്ടേൽ മൂന്ന് വിക്കറ്റ് വീഴ്ത്തി. അവസാന ഓവറിൽ ജഡേജ നടത്തിയ അവിശ്വസനീയ ബാറ്റിംഗ് പ്രകടനമാണ് ചെന്നൈയെ 200നരികെ എത്തിച്ചത്.
മികച്ച തുടക്കമാണ് ചെന്നൈക്ക് ലഭിച്ചത്. ഫാഫ് ഡുപ്ലെസി-ഋതുരാജ് ഗെയ്‌ക്വാദ് സഖ്യം ആർസിബി ഓപ്പണിംഗ് ബൗളർമാരെ സമർത്ഥമായി നേരിട്ടു. മികച്ച ബൗളിംഗും വിക്കറ്റ് വലിച്ചെറിയാൻ തയ്യാറാവാത്ത ബാറ്റിംഗും തമ്മിലായിരുന്നു പോരാട്ടം. ആദ്യ വിക്കറ്റിൽ ഇരുവരും ചേർന്ന് കണ്ടെത്തിയത് 74 റൺസ്. ഋതുരാജിനെ (33) പുറത്താക്കിയ യുസ്‌വേന്ദ്ര ചഹാൽ ആണ് ബാംഗ്ലൂരിന് ആദ്യ ബ്രേക്ക്‌ത്രൂ നൽകിയത്.
മൂന്നാം നമ്പറിൽ സുരേഷ് റെയ്ന നന്നായി തുടങ്ങി. ചില റിസ്കി ഷോട്ടുകൾ കളിച്ച താരം അനായാസം ബൗണ്ടറി ക്ലിയർ ചെയ്യുകയും ചെയ്തു. എന്നാൽ ഈ സീസണിൽ ആർസിബിയുടെ കണ്ടെത്തലായ ഹർഷൽ പട്ടേൽ റെയ്നയെ (24) വീഴ്ത്തി. ആ ഓവറിൽ തന്നെ ഫാഫ് ഡുപ്ലെസിയും (50) പുറത്തായി. അമ്പാട്ടി റായുഡുവും (14) ഹർഷലിൻ്റെ ഇരയായി മടങ്ങി. റായുഡും കൂടി പുറത്തായതോടെ ചെന്നൈ സമ്മർദ്ദത്തിലായി. ഇതിനിടെ വാഷിംഗ്‌ടൺ സുന്ദറിൻ്റെ പന്തിൽ രവീന്ദ്ര ജഡേജയെ ഡാനിയൽ ക്രിസ്ത്യൻ കൈവിട്ടത് ബാംഗ്ലൂരിന് കനത്ത തിരിച്ചടിയായി.
20ആം ഓവർ വരെ ഭേദപ്പെട്ട സ്കോറിലേക്ക് നീങ്ങിയിരുന്ന ചെന്നൈ അവസാന ഓവറിലാണ് കുതിച്ചത്. 19 ഓവർ അവസാനിക്കുമ്പോൾ ചെന്നൈ 4 വിക്കറ്റ് നഷ്ടത്തിൽ 154 റൺസ്. ജഡേജ 21 പന്തിൽ 26. ഹർഷൽ പട്ടേൽ എറിഞ്ഞ അവ്സാന ഓവറിൽ സിക്സർ മഴയാണ് ജഡേജ കാഴ്ചവച്ചത്. ഒരു നോ ബോൾ അടക്കം ആ ഓവറിൽ പിറന്നത് അഞ്ച് സിക്സറും ഒരു ബൗണ്ടറിയും അടക്കം 37 റൺസ്. കളി അവസാനിക്കുമ്പോൾ ജഡേജ 28 പന്തിൽ 62 റൺസ് നോട്ടൗട്ട്!
Story highlights: rcb need 192 runs to win vs csk
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here