കൊവിഡ് പ്രതിസന്ധിയിൽ ഇന്ത്യയ്ക്ക് പിന്തുണയുമായി ബാബർ അസം

Babar Azam supports India

കൊവിഡ് പ്രതിസന്ധിയിൽ ഇന്ത്യക്ക് പിന്തുണയുമായി പാകിസ്താൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ബാബർ അസം. ഒരുമിച്ച് പ്രാർത്ഥിക്കാനും ഒരുമിച്ച് നിൽക്കാനുമുള്ള സമയമാണ് ഇതെന്ന് അദ്ദേഹം പറഞ്ഞു. എല്ലാവരും കൊവിഡ് മുൻകരുതലുകൾ സ്വീകരിക്കണമെന്നും പാക് ക്യാപ്റ്റൻ തൻ്റെ ട്വിറ്റർ ഹാൻഡിലിൽ കുറിച്ചു.

‘ഈ ദുരന്ത സമയത്ത് ഇന്ത്യയിലെ ജനങ്ങളോടൊപ്പം പ്രാർത്ഥിക്കുന്നു. ഐക്യദാർഢ്യം പ്രകടിപ്പിക്കാനും ഒരുമിച്ച് പ്രാർത്ഥിക്കാനുമുള്ള സമയമാണ് ഇത്. കൊവിഡ് മുൻകരുതലുകൾ കർശനമായി പിന്തുടരാൻ ഞാൻ എല്ലാവരോടും അഭ്യർത്ഥിക്കുന്നു, കാരണം ഇത് നമ്മുടെ സുരക്ഷയ്ക്ക് മാത്രമാണ്. നമുക്ക് ഒരുമിച്ച് ഇത് ചെയ്യാൻ കഴിയും.’- അസം കുറിച്ചു.

ഇന്ത്യയിലെ ഓക്സിജൻ പ്രതിസന്ധിക്ക് കൈത്താങ്ങായി കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൻ്റെ ഓസീസ് പേസർ പാറ്റ് കമ്മിൻസ് രംഗത്തെത്തിയിരുന്നു. പിഎം കെയേഴ്സിലേക്ക് 50000 യുഎസ് ഡോളറാണ് കമ്മിൻസ് സംഭാവന നൽകിയത്. 37 ലക്ഷത്തിലധികം ഇന്ത്യൻ രൂപയാണ് ഇത്. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെ കമ്മിൻസ് തന്നെയാണ് വിവരം അറിയിച്ചത്.

രാജ്യത്ത് 24 മണിക്കൂറിനിടെ 3,52,221 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 2,812 മരണവും സ്ഥിരീകരിച്ചു. 28 ലക്ഷത്തിലധികം പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്.

തുടർച്ചയായ അഞ്ചാം ദിവസമാണ് രാജ്യത്തെ കൊവിഡ് കേസുകളുടെ എണ്ണം മൂന്ന് ലക്ഷം കടക്കുന്നത്. രാജ്യത്ത് ഇതുവരെ 1,73,13,163 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 1,43,04,382 പേർ രോഗമുക്തി നേടി. കൊവിഡ് ബാധിച്ച് 1,95,123 പേർക്ക് ജീവൻ നഷ്ടമായി. ഇന്നലെ വരെ 14,19,11,223 പേർ വാക്‌സിൻ സ്വീകരിച്ചതായി കേന്ദ്രസർക്കാർ അറിയിച്ചു.

Story highlights: Babar Azam supports India in covid crisis

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top