അശ്വിൻ, കെയിൻ റിച്ചാർഡ്സൺ, ആസം സാംബ എന്നിവർ പിന്മാറി; ഐപിഎലിൽ നിന്ന് കൊഴിഞ്ഞുപോക്ക് തുടരുന്നു

ഐപിഎൽ ടീമുകൾക്ക് പ്രതിസന്ധിയായി താരങ്ങളുടെ കൊഴിഞ്ഞുപോക്ക്. വിവിധ ടീമുകളിലുള്ള മൂന്ന് താരങ്ങളാണ് ഇന്നലെ മാത്രം ഐപിഎലിൽ നിന്ന് പിന്മാറിയത്. പലരും ഇന്ത്യയിലെ കൊവിഡ് ബാധയും മാനസികാരോഗ്യവും പരിഗണിച്ചാണ് വിട്ടുനിൽക്കുന്നത്. ബയോബബിളിലെ ജീവിതം ദുഷ്കരമാകുന്നതും ചിലർ ഉയർത്തുന്ന കാരണമാണ്.
ഡൽഹി ക്യാപിറ്റൽസിലെ ഇന്ത്യൻ താരം ആർ അശ്വിൻ, റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിലെ ഓസീസ് താരങ്ങളായ ആദം സാംബ, കെയിൻ റിച്ചാർഡ്സൺ എന്നിവരാണ് ഇന്നലെ അവരവരുടെ ടീമുകൾ വിട്ടത്. വിവരം അതാത് ഫ്രാഞ്ചൈസികൾ സ്ഥിരീകരിച്ചിട്ടുണ്ട്. ആന്ദ്രൂ തൈ, ലിയാം ലിവിങ്സ്റ്റൺ തുടങ്ങിയ താരങ്ങളും ഐപിഎൽ മതിയാക്കി നാട്ടിലേക്ക് മടങ്ങിയിരുന്നു.
താൻ പുറത്തായതിനു പിന്നാലെ ചില താരങ്ങൾ വിളിച്ച് അന്വേഷിച്ചു എന്ന് തൈ വിശദീകരിച്ചു. ഏത് വഴിയാണ് നാട്ടിലെത്തിയതെന്ന് അവർ അന്വേഷിച്ചു എന്നും മറ്റ് ചിലരും കൂടി നാട്ടിലേക്ക് മടങ്ങിയേക്കും എന്നും ഓസ്ട്രേലിയയിലെ ഒരു റേഡിയോ സ്റ്റേഷനു നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
രാജസ്ഥാൻ റോയൽസാണ് ഏറ്റവുമധികം പ്രതിസന്ധി അനുഭവിക്കുന്ന ടീം. ബാക്കപ്പ് ഓപ്ഷനായി ഇനി ഒരു വിദേശ താരം പോലും ടീമിലില്ല. ജോസ് ബട്‌ലർ, ഡേവിഡ് മില്ലർ, മുസ്തഫിസുർ റഹ്മാൻ, ക്രിസ് മോറിസ് എന്നിവർ മാത്രമാണ് നിലവിൽ രാജസ്ഥാൻ റോയൽസിലുള്ള വിദേശ താരങ്ങൾ.
Story highlights: IPL Ashwin Richardson Zampa pull out
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here