കൊവിഡ് വ്യാപനം തടയാൻ സർക്കാരിനായില്ല; യുപി സർക്കാരിനെ രൂക്ഷമായി വിമർശിച്ച് അലഹബാദ് ഹൈക്കോടതി

കൊവിഡ് വ്യാപനത്തിൽ യുപി സർക്കാരിനെ രൂക്ഷമായി വിമർശിച്ച് അലഹബാദ് ഹൈക്കോടതി. സംസ്ഥാനത്തെ കൊവിഡ് വ്യാപനം തടയാൻ സർക്കാരിനായില്ല എന്ന് കോടതി കുറ്റപ്പെടുത്തി. ആവശ്യമെങ്കിൽ സംസ്ഥാനത്ത് രണ്ടാഴ്ചത്തെ ലോക്ക്‌ഡൗൺ ഏർപ്പെടുത്തണമെന്നും കോടതി നിർദ്ദേശിച്ചു. സംസ്ഥാനത്തെ അഞ്ച് നഗരങ്ങളിൽ ലോക്ക്ഡൗൺ പ്രഖ്യാപിക്കണമെന്ന അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവ് കഴിഞ്ഞ ആഴ്ച സുപ്രിംകോടതി സ്റ്റേ ചെയ്തിരുന്നു.
“ഞാൻ വീണ്ടും അഭ്യർത്ഥിക്കുന്നു. കാര്യങ്ങൾ നിയന്ത്രണത്തിലല്ലെങ്കിൽ രണ്ടാഴ്ചത്തെ ലോക്ക്ഡൗൺ പ്രഖ്യാപിക്കണം. തീരുമാനം എടുക്കുന്നവരോട് ഇക്കാര്യം അറിയിക്കൂ. ഡോക്ടർമാരുടെയും ആരോഗ്യപ്രവർത്തകരുടെയും കുറവുണ്ട്. കടലാസിൽ എല്ലാം മികച്ചതാണ്. പക്ഷേ, അങ്ങനെയല്ലെന്നതാണ് യാഥാർത്ഥ്യം. കൈ കൂപ്പിക്കൊണ്ട് നിങ്ങളുടെ വിവേചനാധികാരം പ്രയോഗിക്കാൻ ഞങ്ങൾ അഭ്യർത്ഥിക്കുന്നു.”- ജസ്റ്റിസ് സിദ്ധാർത്ഥ് വർമ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.
ഇന്ത്യയിൽ കൊവിഡ് രോഗവ്യാപനം അതിരൂക്ഷമായി തുടരുകയാണ്. തുടർച്ചയായി ആറാം ദിനവും രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം മൂന്ന് ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,23,144 പേർക്കാണ് രാജ്യത്ത് പുതിയതായി കൊവിഡ് രോഗം സ്ഥിരീകരിച്ചത്.
ഇതോടെ രാജ്യത്താകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 1,76,36,307 ആയി. കഴിഞ്ഞ ഒരു ദിവസത്തിനിടെ 2771 കൊവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തു. രാജ്യത്ത് 1,97,894 പേർക്കാണ് കൊവിഡ് രോഗബാധ മൂലം ഇതുവരെ ജീവൻ നഷ്ടമായത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 2,51,827 പേരാണ് കൊവിഡ് മുക്തരായത്. രാജ്യത്തിന്റെ വിവിധ ഇടങ്ങളിലായി 28,82,204 പേർ നിലവിൽ കൊവിഡ് രോഗത്തിന് ചികിത്സയിൽ കഴിയുന്നുണ്ട്.
മഹാരാഷ്ട്ര, ഉത്തർപ്രദേശ്, കർണാടക, കേരളം, ഡൽഹി എന്നീ അഞ്ച് സംസ്ഥാനങ്ങളിലാണ് കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നത്.
Story highlights: allahabad high court criticizes up government
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here