സോളാർ തട്ടിപ്പു കേസ്; സരിത എസ് നായർക്ക് 6 വർഷം കഠിന തടവ്

സോളാർ തട്ടിപ്പു കേസിൽ രണ്ടാം പ്രതി സരിത എസ് നായർക്ക് 6 വർഷം കഠിന തടവ്. ഒന്നാം പ്രതി ബിജു രാധാകൃഷ്ണൻ ക്വാറൻ്റീനിൽ ആയതിനാൽ വിധി പിന്നീട് പ്രഖ്യാപിക്കും. കോഴിക്കോട് സ്വദേശി അബ്ദുൾ മജീദാണ് പരാതിക്കാരൻ. മൂന്നാം പ്രതിയായിരുന്ന ബി. മണിമോനെ കോടതി വെറുതെ വിട്ടു. സോളാർ പാനൽ സ്ഥാപിക്കാൻ 42.70 ലക്ഷം വാങ്ങി വഞ്ചിച്ചെന്നാണ് കേസ്.
ആൾമാറാട്ടം, വിശ്വാസവഞ്ചന, വ്യാജരേഖ തയ്യാറാക്കാൽ തുടങ്ങിയ കുറ്റങ്ങളാണ് സരിതക്കെതിരെ തെളിഞ്ഞിരിക്കുന്നത്. 6 വർഷം തടവിനൊപ്പം ഓരോ വകുപ്പിനും 10000 രൂപ പിഴയും സരിത അടയ്ക്കേണ്ടി വരും.
പലതവണ ആവശ്യപ്പെട്ടിട്ടും ഹാജരാകാതിരുന്ന സരിതയെ വാറൻ്റ് പുറപ്പെടുവിച്ച് കഴിഞ്ഞ വ്യാഴാഴ്ചയാണ് കോഴിക്കോട് കസബ പൊലീസ് തിരുവനന്തപുരത്തു നിന്ന് അറസ്റ്റ് ചെയ്തത്. തുടർന്ന് കാഞ്ഞങ്ങാട് ജില്ലാ ജയിലിലാണ് സരിതയെ പാർപ്പിച്ചിരുന്നത്.
മൂന്നാം പ്രതി മണിമോനെതിരെ ഉണ്ടായിരുന്നത് വ്യാജ ഡ്രൈവിങ് ലൈസൻസ് ഉണ്ടാക്കി എന്നതായിരുന്നു. എന്നാൽ, ഈ ആരോപണം തെളിയിക്കാൻ പ്രോസിക്യൂഷനു സാധിച്ചില്ല. അങ്ങനെയാണ് ഇയാളെ വെറുതെവിടുന്നത്.
പരാതിക്കാരനായ അബ്ദുൾ മജീദിൻ്റെ വീട്ടിലും ഓഫീസിലും സോളാർ പാനലുകൾ സ്ഥാപിക്കാമെന്ന് പറഞ്ഞാണ് 42.70 ലക്ഷം രൂപ ഇവർ കൈപ്പറ്റിയത്.
Story highlights: solar case 6 years imprisonment for saritha s nair
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here