ബ്രാറിനു മുന്നിൽ വീണ് ബാംഗ്ലൂർ; പഞ്ചാബിന് തകർപ്പൻ ജയം

PBKS won against RCB

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ പഞ്ചാബ് കിംഗ്സിന് ജയം. 34 റൺസിനാണ് പഞ്ചാബ് കരുത്തരായ ബാംഗ്ലൂരിനെ കീഴ്പ്പെടുത്തിയത്. പഞ്ചാബ് ഉയർത്തിയ 180 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ബാംഗ്ലൂരിന് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടപ്പെടുത്തി 145 റൺസെടുക്കാനേ സാധിച്ചുള്ളൂ. 35 റൺസെടുത്ത വിരാട് കോലിയാണ് ബാംഗ്ലൂരിൻ്റെ ടോപ്പ് സ്കോറർ. രജത് പാടിദാർ 31 റൺസെടുത്തു. കോലി, മാക്സ്‌വൽ, ഡിവില്ല്യേഴ്സ് എന്നിവരെ പുറത്താക്കിയ ഹർപ്രീത് ബ്രാർ ആണ് ബാംഗ്ലൂരിനെ തകർത്തത്.

ഇന്നിംഗ്സിൻ്റെ ഒരു ഘട്ടത്തിൽ പോലും പഞ്ചാബിനു വെല്ലുവിളിയാവാൻ ബാംഗ്ലൂരിനു സാധിച്ചില്ല. കൃത്യതയോടെ പന്തെറിഞ്ഞ പഞ്ചാബ് ബൗളർമാർ ബാംഗ്ലൂരിനെ ഫ്രീയായി സ്കോർ ചെയ്യാൻ അനുവദിച്ചില്ല. ദേവ്ദത്തിനെ (7) പുറത്താക്കി റൈലി മെരെഡിത്ത് ആണ് പഞ്ചാബിനായി വിക്കറ്റ് വേട്ട ആരംഭിച്ചത്. രണ്ടാം വിക്കറ്റിൽ രജത് പാടിദാറും വിരാട് കോലിയും ചേർന്ന് 43 റൺസിൻ്റെ കൂട്ടുകെട്ടുയർത്തിയെങ്കിലും റൺ റേറ്റ് മോശമായിരുന്നു. റണ്ണുയർത്താനുള്ള ശ്രമത്തിനിടെ കോലി (35) ബ്രാറിനു മുന്നിൽ കീഴടങ്ങി. തൊട്ടടുത്ത പന്തിൽ മാക്സ്‌വലും (0) പുറത്ത്. തൻ്റെ അടുത്ത ഓവറിൽ ഡിവില്ല്യേഴ്സിനെക്കൂടി (3) പുറത്താക്കിയ ബ്രാർ ബാംഗ്ലൂരിനെ പൂർണമായും ചിത്രത്തിൽ നിന്നെടുത്തുകളഞ്ഞു.

ഒരു വശത്ത് പൊരുതിനിന്ന രജത് പാടിദാർ (31) ക്രിസ് ജോർഡാനു മുന്നിൽ വീണു. ഷഹബാസ് അഹ്മദ് (8), ഡാനിയൽ സാംസ് (3) എന്നിവർ രവി ബിഷ്ണോയുടെ ഇരകളായി മടങ്ങി. ഹർഷൽ പട്ടേലും കെയിൽ ജമീസണും പൊരുതി നോക്കിയെങ്കിലും വിജയലക്ഷ്യം ഏറെ അകലെയായിരുന്നു. 13 പന്തിൽ 31 റൺസെടുത്ത ഹർഷലിനെ അവസാന ഓവറിൽ രവി ബിഷ്ണോയ് ആണ് പുറത്താക്കിയത്. ജമീസൺ (16) പുറത്താവാതെ നിന്നു.

Story highlights: PBKS won against RCB

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top