രാജ്യത്ത് കൊവിഡ് വ്യാപനം അതിതീവ്രം; മഹാരാഷ്ട്രയിലും കര്‍ണാടകയിലും സ്ഥിതി രൂക്ഷം

രാജ്യത്ത് രോഗവ്യാപനം അതിതീവ്രമായി തുടരുന്നു. മഹാരാഷ്ട്രയില്‍ അറുപതിനായിരത്തിന് മുകളിലും കര്‍ണാടകയില്‍ അര ലക്ഷത്തിനടുത്ത് ആളുകള്‍ക്കും രോഗം സ്ഥിരീകരിച്ചു. ബംഗളൂരുവില്‍ മാത്രം കാല്‍ലക്ഷത്തിനടുത്ത് രോഗികള്‍ ഉണ്ടായി.
മഹാരാഷ്ട്രയില്‍ പ്രതിദിന കേസുകള്‍ മാറ്റമില്ലാതെ തുടരുന്നു. 62,919 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 828 പേര്‍ മരിച്ചു. തമിഴ്‌നാട്ടില്‍ 18,692 പേര്‍ക്കും കര്‍ണാടകയില്‍ 48,296 പേര്‍ക്കും പുതുതായി രോഗം സ്ഥിരീകരിച്ചു. ബംഗളൂരുവില്‍ സ്ഥിതി അതിഗുരുതരമാണ്. പുതുതായി സ്ഥിരീകരിച്ചതില്‍ 26,756 രോഗികള്‍ ബംഗളൂരുവില്‍ നിന്നാണ്.
രാജ്യത്ത് തന്നെ ഏറ്റവും കൂടുതല്‍ പ്രതിദിന കേസ് റിപ്പോര്‍ട്ട് ചെയ്യുന്നത് ബംഗളൂരുവിലാണ്. രണ്ടര ലക്ഷത്തിലധികം പേര്‍ ചികിത്സയിലുണ്ട്. സംസ്ഥാനങ്ങള്‍ പുറത്തുവിട്ട കണക്ക് പ്രകാരം രാജ്യത്തെ പ്രതിദിന രോഗബാധ നാല് ലക്ഷത്തിനരികിലാണ്.
അതിനിടെ അടിയന്തരമായി ഉപയോഗിക്കാനായി രാജ്യം അനുമതി നല്‍കിയ ആദ്യ വിദേശ വാക്‌സിനായ സ്ഫുട്‌നിക്കിന്റെ ആദ്യ ബാച്ച് ഇന്ന് രാജ്യത്ത് എത്തും. ഹൈദരാബാദില്‍ ആയിരിക്കും ആദ്യ ബാച്ച് വാക്‌സിന്‍ എത്തുകയെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
അതേസമയം 18 വയസിന് മുകളിലുള്ളവര്‍ക്കുള്ള മൂന്നാം ഘട്ട വാക്‌സിനേഷന്‍ സംസ്ഥാനങ്ങളില്‍ ഇന്ന് ആരംഭിക്കില്ല. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് പുറമേ ബിജെപി ഭരിക്കുന്ന മധ്യപ്രദേശിലും കര്‍ണാടകയിലും വാക്‌സിന്‍ ക്ഷാമം രൂക്ഷമായതോടെയാണ് മൂന്നാം ഘട്ട വാക്‌സിനേഷന്‍ ഉടന്‍ ആരംഭിക്കില്ലെന്ന് വിവിധ സര്‍ക്കാറുകള്‍ വ്യക്തമാക്കിയത്.
Story highlights: covid 19, covid vaccine
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here