Advertisement

പോളി, പോളി: പൊള്ളാർഡിന്റെ ചെന്നൈ മർദ്ദനം; മുംബൈയ്ക്ക് തകർപ്പൻ ജയം

May 1, 2021
Google News 1 minute Read
mi won against csk

ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ മുംബൈ ഇന്ത്യൻസിന് തകർപ്പൻ ജയം. അവസാന പന്ത് വരെ ആവേശം നിറഞ്ഞ ഐപിഎൽ എൽ ക്ലാസിക്കോയിൽ 4 വിക്കറ്റിനാണ് മുംബൈ ചെന്നൈയെ കീഴ്പ്പെടുത്തിയത്. ചെന്നൈ ഉയർത്തിയ 219 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ മുംബൈ 20 ഓവറിൽ 6 വിക്കറ്റ് നഷ്ടപ്പെടുത്തി വിജയിക്കുകയായിരുന്നു. 87 റൺസെടുത്ത് പുറത്താവാതെ നിന്ന കീറോൺ പൊള്ളാർഡ് ആണ് മുംബൈയുടെ ടോപ്പ് സ്കോറർ. ഒരു ഘട്ടത്തിൽ 3 വിക്കറ്റ് നഷ്ടത്തിൽ 81 റൺസ് എന്ന നിലയിൽ തകർന്ന മുംബൈയെ കീറോൺ പൊള്ളാർഡിൻ്റെ തകർപ്പൻ ഇന്നിംഗ്സാണ് വിജയത്തിലെത്തിച്ചത്. ചെന്നൈക്കായി സാം കറൻ മൂന്ന് വിക്കറ്റ് വീഴ്ത്തി.

27 പന്തുകളിൽ 72 റൺസെടുത്ത് പുറത്താവാതെ നിന്ന അമ്പാട്ടി റായുഡു ആണ് ചെന്നൈയെ കൂറ്റൻ സ്കോറിലേക്ക് നയിച്ചത്. മൊയീൻ അലി (58), ഫാഫ് ഡുപ്ലെസി (50) എന്നിവരും ചെന്നൈ സ്കോറിലേക്ക് സംഭാവന നൽകി. മുംബൈക്കായി പന്തുകൊണ്ടും പൊള്ളാർഡ് തിളങ്ങി. രണ്ട് വിക്കറ്റാണ് പൊള്ളാർഡ് എടുത്തത്.

മറുപടി ബാറ്റിംഗിൽ 219 എന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ മുംബൈക്ക് ഓപ്പണർമാർ ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. ആദ്യ വിക്കറ്റിൽ രോഹിത്-ഡികോക്ക് സഖ്യം 71 റൺസിൻ്റെ കൂട്ടുകെട്ടുയർത്തി. രോഹിതിനെ (35) പുറത്താക്കിയ ശർദ്ദുൽ താക്കൂർ ആണ് ചെന്നൈക്ക് ആദ്യ ബ്രേക്ക്‌ത്രൂ നൽകിയത്. സൂര്യകുമാർ യാദവ് (3) രവീന്ദ്ര ജഡേജക്ക് വിക്കറ്റ് സമ്മാനിച്ച് വേഗം മടങ്ങി. വൈകാതെ ഡികോക്കിനെ (38) മൊയീൻ അലി മടക്കി. 9.4 ഓവറിൽ 81 റൺസിന് 3 വിക്കറ്റ് എന്ന നിലയിൽ നിന്നാണ് കൃണാൽ പാണ്ഡ്യയും കീറോൺ പൊള്ളാർഡും ഒരുമിക്കുന്നത്.

ചെന്നൈയെ കാണുമ്പോൾ ഹാലിളകുന്ന പൊള്ളാർഡ് പതിവു തെറ്റിച്ചില്ല. സ്പിന്നർമാരെന്നോ പേസർമാരെന്നോ വ്യത്യാസമില്ലാതെ എല്ലാ ബൗളർമാരെയും പോളി അതിർത്തി കടത്തി. മറുവശത്ത് കൃണാൽ പാണ്ഡ്യ പൊള്ളാർഡിന് ഉറച്ച പിന്തുണ നൽകി. 17 പന്തുകളിൽ പൊള്ളാർഡ് ഫിഫ്റ്റിയടിച്ചു. അവസാന 6 ഓവറിൽ 89, അഞ്ച് ഓവറിൽ 66, നാല് ഓവറിൽ 50 എന്നിങ്ങനെയായിരുന്നു മുംബൈയുടെ വിജയലക്ഷ്യം. ഇതിനിടെ കൃണാൽ (32) മടങ്ങി. സാം കറനാണ് കൃണാലിൻ്റെ വിക്കറ്റ് വീഴ്ത്തിയത്. പൊള്ളാർഡുമായി 89 റൺസിൻ്റെ നാലാം വിക്കറ്റ് കൂട്ടുകെട്ടുയർത്തിയ ശേഷമാണ് താരം മടങ്ങിയത്.

7 പന്തുകളിൽ 16 റൺസടിച്ച ഹർദ്ദിക് പൊള്ളാർഡിനു മേലുള്ള സമ്മർദ്ദം അല്പം കുറച്ചു. ഹർദ്ദിക്കിനെയും ജിമ്മി നീഷമിനെയും (0) സാം കറൻ മടക്കി. എന്നാൽ, അതൊന്നും പൊള്ളാർഡിനെ ബാധിച്ചില്ല. അവസാന ഓവറിൽ വിജയിക്കാൻ വേണ്ടത് 16 റൺസ്. ലുങ്കി എംഗിഡി എറിഞ്ഞ ഓവറിലെ അവസാന പന്തിൽ ഡബിളോടി പൊള്ളാർഡ് മുംബൈയെ വിജയിപ്പിച്ചു.

Story highlights: mi won against csk

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here