Advertisement

കാറ്റിലും ഉലയാതെ മലപ്പുറം

May 2, 2021
0 minutes Read

മുസ്ലിം ലീഗിന്റെ, അല്ലെങ്കില്‍ ഇപ്പോഴുള്ള സാഹചര്യത്തില്‍ യുഡിഎഫിന്റെ ഉറച്ച കോട്ടയെന്ന് വിശേഷിപ്പിക്കാവുന്ന ഒറ്റ ജില്ലയേ കേരളത്തില്‍ അവശേഷിക്കുന്നുള്ളൂ. അത് മലപ്പുറമാണ്. മലപ്പുറത്തിന്റെ രാഷ്ട്രീയം എപ്പോഴും ലീഗിനൊപ്പമേ ചാഞ്ഞിട്ടൊള്ളൂ. ജില്ലയില്‍ മുസ്ലിം ജനസംഖ്യയിലുള്ള അനുപാതവും അതിലെ വലിയൊരു ഘടകമാണ്.

2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആകെയുള്ള 16 നിയമസഭാ മണ്ഡലങ്ങളില്‍ 12 മണ്ഡലങ്ങളും ഇപ്പോഴത്തെ കണക്കനുസരിച്ച് യുഡിഎഫിനാണ് ലഭിച്ചിരിക്കുന്നത്. നാല് മണ്ഡലങ്ങളില്‍ മാത്രമേ എല്‍ഡിഎഫിനെ മലപ്പുറം തുണച്ചുള്ളൂ.

ലോക്‌സഭയില്‍ നിന്ന് രാജി വച്ച് നിയമസഭയിലേക്ക് മത്സരിക്കാന്‍ എത്തിയ കുഞ്ഞാലിക്കുട്ടിയ്ക്കും കൈനിറയെ വോട്ട് നല്‍കി വേങ്ങരക്കാര്‍. വേങ്ങര കുഞ്ഞാലിക്കുട്ടിയുടെ സ്ഥിരം തട്ടകമാണ്. മത്സരിച്ച എല്ലാ തെരഞ്ഞെടുപ്പിലും റെക്കോര്‍ഡ് ഭൂരിപക്ഷത്തിനാണ് കുഞ്ഞാലിക്കുട്ടിയെ ജനങ്ങള്‍ വിജയിപ്പിച്ച് വേങ്ങരയില്‍ നിന്ന് നിയമസഭയിലേക്ക് പറഞ്ഞയച്ചിട്ടുള്ളൂ.

കൊണ്ടോട്ടിയില്‍ യുഡിഎഫിന്റെ ടി വി ഇബ്രാഹിം വിജയിച്ചു. മങ്കടയില്‍ യുഡിഎഫിന്റെ മഞ്ഞളാംകുഴി അലിയാണ് വിജയിച്ചത്. തിരിച്ചുവരവില്‍ അലിക്ക് മങ്കടയില്‍ 5903 വോട്ടിനാണ് വിജയം. എല്‍ഡിഎഫിന്റെ ടി കെ റഷീദലിയെയാണ് മഞ്ഞളാംകുഴി അലി തോല്‍പിച്ചത്.

തിരൂരങ്ങാടിയില്‍ ജയിച്ചത് മുസ്ലിം ലീഗിന്റെ തന്നെ കെപിഎ മജീദാണ്. വണ്ടൂരില്‍ കോണ്‍ഗ്രസിന്റെ അനില്‍ കുമാര്‍ വിജയിച്ചു. മഞ്ചേരി, തിരൂര്‍, പെരിന്തല്‍മണ്ണ, മലപ്പുറം, എന്നിവിടങ്ങളിലും യുഡിഎഫാണ് മുന്നില്‍. അതേസമയം തവനൂരില്‍ എല്‍ഡിഎഫിന്‍റെ കെ ടി ജലീല്‍ വിജയിച്ചു. താനൂര്‍, നിലമ്പൂര്‍, പൊന്നാനി എന്നിവിടങ്ങള്‍ എല്‍ഡിഎഫിനും ലഭിച്ചു.

ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിലും മലപ്പുറം യുഡിഎഫിന്റെയും ലീഗിന്റെയും പിടിവിട്ടിട്ടില്ല. പുതിയ കണക്കുകള്‍ അനുസരിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി അബ്ദുസമദ് സമദാനിയാണ് മുന്നിലുള്ളത്. ഡിവൈഎഫ്‌ഐ നേതാവ് വി പി സാനു വ്യക്തമായ വോട്ടുകള്‍ക്ക് പിന്നിലാണ്. ബിജെപി സ്ഥാനാര്‍ത്ഥിയായി അബ്ദുള്ള കുട്ടിയും മത്സരിച്ചിരുന്നു. പൊന്നാനിയിലെ ഇപ്പോഴത്തെ എംപിയും മുസ്ലിം ലീഗിലെ മുതിര്‍ന്ന നേതാവ് ഇ ടി മുഹമ്മദ് ബഷീര്‍ ആണ്.

യുഡിഎഫില്‍ കോണ്‍ഗ്രസിന്റെ സഭാ പ്രാതിനിധ്യം കുറയുകയാണെങ്കില്‍ കൂടുതല്‍ നിയമസഭാംഗങ്ങളെ നല്‍കുന്നത് ലീഗ് ആയിരിക്കും. അതിലും മലപ്പുറത്തിന്റെതായിരിക്കും വലിയ സംഭാവന.

Story Highlights :

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top