കേരളാ കോണ്‍ഗ്രസ് എം രണ്ട് മന്ത്രി സ്ഥാനം ആവശ്യപ്പെട്ടേക്കും

ഇടതുമുന്നണിയില്‍ രണ്ട് മന്ത്രി സ്ഥാനം ആവശ്യപ്പെടാന്‍ കേരളാ കോണ്‍ഗ്രസ് എം. ഡോ. എന്‍ ജയരാജും റോഷി അഗസ്റ്റിനും മന്ത്രിമാരായേക്കും. പാലായിലെ തോല്‍വി പാര്‍ട്ടി പരിശോധിക്കും. ബിജെപി വോട്ട് മറിച്ചുവെന്നാണ് ജോസ് കെ മാണിയും സിപിഐഎമ്മും ആരോപിക്കുന്നത്. പാലാ രാഷ്ട്രീയ ശത്രുക്കളുടെ കേന്ദ്രമായെന്നും രാഷ്ട്രീയ കാര്യങ്ങളല്ല എതിര്‍കക്ഷികള്‍ ചര്‍ച്ച ചെയ്തത്, വ്യക്തിഹത്യയും കള്ളപ്രചാരണങ്ങളും നടന്നുവെന്നും ജോസ് കെ മാണി പറഞ്ഞു.
12 സീറ്റുകള്‍ മത്സരിച്ചെങ്കിലും, പാര്‍ട്ടി ചെയര്‍മാന്റെ സ്വന്തം മണ്ഡലമായ പാലായില്‍ ഉള്‍പ്പെടെ ഏഴിടത്ത് ജോസ് കെ മാണി വിഭാഗം പരാജയപ്പെട്ടിരുന്നു. കൂടുതല്‍ മന്ത്രി പദവികള്‍ക്കായി അവകാശവാദം ഉന്നയിക്കാന്‍ കേരള കോണ്‍ഗ്രസ് എമ്മിന് ഇത് തടസമാകും. ഏഴ് സീറ്റുകള്‍ തോറ്റതിനാല്‍ കൂടുതല്‍ മന്ത്രി പദവികള്‍ക്ക് അവകാശവാദം ഉന്നയിക്കാനും സാധിക്കില്ല.
മുതിര്‍ന്ന നേതാക്കളായ റോഷി അഗസ്റ്റിനും എന്‍ ജയരാജും പ്രഥമ പരിഗണനയിലുണ്ട്. റാന്നിയില്‍ നിന്ന് വിജയിച്ച പ്രമോദ് നാരായണനും പട്ടികയിലുണ്ട്. മുന്നണി പരിഗണന കുറഞ്ഞാല്‍ പാര്‍ട്ടിയില്‍ പൊട്ടിത്തെറികള്‍ക്കും സാധ്യതയുണ്ട്.
ദയനീയമാണ് പിളര്‍പ്പിന് ശേഷമുള്ള തെരഞ്ഞെടുപ്പില്‍ പി ജെ ജോസഫ് വിഭാഗത്തിന്റെ നില. മത്സരിച്ച പത്ത് സീറ്റുകളില്‍ ജയിക്കാനായത് കടുത്തുരുത്തിയിലും തൊടുപുഴയിലും മാത്രമാണ്. കേരളാ കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രമായ കടുത്തുരുത്തി നിലനിര്‍ത്താനായി എന്ന വാദമാണ് ജോസഫ് പക്ഷം ഉയര്‍ത്തിക്കാട്ടുന്നത്.
Story Highlights- kerala congress m, jose k mani
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here