നിങ്ങൾക്ക് ഒട്ടകപ്പക്ഷിയെപ്പോലെ മണ്ണിൽ തല പൂഴ്ത്തി നിൽക്കാം, ഞങ്ങൾക്കാവില്ല: കേന്ദ്രത്തെ വിമർശിച്ച് ഡൽഹി ഹൈക്കോടതി

രാജ്യതലസ്ഥാനത്തെ ഓക്സിജൻ ക്ഷാമത്തിൽ കേന്ദ്രസർക്കാരിനെ നിശിതമായി വിമർശിച്ച് ഡൽഹി ഹൈക്കോടതി. ഡൽഹിയിൽ വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട ഓക്സിജൻ ഇനിയും നൽകാത്തതിനാലാണ് വിമർശനം. ദിവസേന 490 മെട്രിക്ക് ടൺ അല്ല, 700 മെട്രിക്ക് ടൺ ഓക്സിജനാണ് വിതരണം ചെയ്യാനാണ് സുപ്രിംകോടതി ഉത്തരവിട്ടതെന്ന് ഹൈക്കോടതി പറഞ്ഞു.
“നിങ്ങൾക്ക് ഒട്ടകപ്പക്ഷിയെപ്പോലെ മണ്ണിൽ തല പൂഴ്ത്തി നിൽക്കാനാവും, ഞങ്ങൾക്കാവില്ല. നിങ്ങൾ ദന്തഗോപുരത്തിലാണോ താമസം? 490 മെട്രിക്ക് ടൺ അല്ല, 700 മെട്രിക്ക് ടൺ ഓക്സിജനാണ് വിതരണം ചെയ്യാനാണ് സുപ്രിംകോടതി ഉത്തരവിട്ടത്. നേരത്തെ നൽകേണ്ട 490 മെട്രിക്ക് ടൺ ഓക്സിജൻ പോലും നൽകിയിട്ടില്ല. ഡൽഹിയിൽ ആളുകൾ മരിക്കുന്നതിനു നേരെ കണ്ണടയ്ക്കാനാണോ നിങ്ങൾ പറയുന്നത്? തലക്ക് മുകളിൽ വരെ വെള്ളം എത്തിയിരിക്കുന്നു.”- ഡൽഹി ഹൈക്കോടതി പറഞ്ഞു.
അതേസമയം, രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. 24 മണിക്കൂറിനിടെ 3,57,229 കേസുകൾ റിപ്പോർട്ട് ചെയ്തു. ഇന്നലെ 3,449 പേരാണ് കൊവിഡ് മൂലം മരിച്ചത്. 3,20,289 പേർ രോഗമുക്തി നേടി.
രാജ്യത്തെ ആകെ കേസുകളുടെ എണ്ണം രണ്ട് കോടി കവിഞ്ഞു. ആകെ 1.66 ലക്ഷം പേർക്ക് ഇതുവരെ രോഗമുക്തി നേടാനായി. 34,47,133 പേരാണ് രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത്. ഡൽഹി, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഗുജറാത്ത്, ഉത്തർ പ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ പ്രതിദിന കേസുകളുടെ എണ്ണത്തിൽ നേരിയ കുറവ് രേഖപ്പെടുത്തി. എന്നാൽ കേരളമടക്കം പത്തു സംസ്ഥാനങ്ങളിൽ രോഗ വ്യാപനം കൂടുതലാണ്.
Story Highlights- delhi high court slams central government
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here