വിദേശ സഹായം ജനങ്ങൾക്കുള്ളത്; പെട്ടിയിൽ വെക്കാനുള്ളതല്ല: കേന്ദ്രത്തെ വിമർശിച്ച് വീണ്ടും ഡൽഹി ഹൈക്കോടതി

ഡൽഹിയിലെ ഓക്സിജൻ ക്ഷാമത്തിൽ വീണ്ടും കേന്ദ്രത്തെ വിമർശിച്ച് ഡൽഹി ഹൈക്കോടതി. ലഭിച്ച വിദേശസഹായം ജനങ്ങൾക്കുള്ളതാണെന്നും അത് പെട്ടിയിൽ പൂട്ടിവച്ച് നശിപ്പിക്കാനുള്ളതല്ലെന്നും ഡൽഹി ഹൈക്കോടതി പറഞ്ഞു. വിപിൻ സംഘിയും രേഖ പല്ലിയും ചേർന്ന ബെഞ്ചാണ് കേന്ദ്രത്തെ വിമർശിച്ചത്.
“സർക്കാരിന് ഒരു വൈദ്യസഹായം ലഭിച്ചാൽ, അത് ജനങ്ങളെ സഹായിക്കാനുള്ളതാണ്. അത് എവിടെയെങ്കിലും ഒരു പെട്ടിയിൽ വച്ച് നശിപ്പിച്ച് കളയാനുള്ളതല്ല. വിദേശസഹായമെന്നാൽ, അത് ജനങ്ങൾക്ക് നൽകാനുള്ളതാണെന്നും അതുകൊണ്ട് തന്നെ അവർക്ക് അത് ലഭ്യമാക്കേണ്ടതാണെന്നുമുള്ള കാര്യം മറക്കരുത്. പെട്ടികളിൽ സൂക്ഷിച്ച് എവിടെയെങ്കിലും വച്ചതുകൊണ്ട് ഒരു കാര്യവുമില്ല.”- ഹൈക്കോടതി പറഞ്ഞു.
വിഷയത്തിൽ അമിക്കസ് ക്യൂരിയും മുതിർന്ന അഭിഭാഷകനുമായ രാജശേഖർ റാവു നടത്തിയ വിശകലനങ്ങൾക്കു പിന്നാലെയാണ് ഹൈക്കോടതിയുടെ നിരീക്ഷണം. ഓക്സിജൻ സിലിണ്ടറുകൾ കൃത്യമായ അളവിൽ വിതരണം ചെയ്തില്ലെന്ന് ഹൈക്കോടതി പറഞ്ഞു.
അതേസമയം, രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികൾ മൂന്നേമുക്കാൽ ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 3,82,315 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 3780 പേർ മരിച്ചു. കഴിഞ്ഞ ദിവസം പ്രതിദിന കേസുകളുടെ എണ്ണത്തിൽ നേരിയ കുറവുണ്ടായിരുന്നെങ്കിലും പുതിയ കേസുകൾ വീണ്ടും ആശങ്കയുണർത്തുന്നു.
മഹാരാഷ്ട്ര, കർണാടക, ഉത്തർപ്രദേശ്, ഗുജറാത്ത് അടക്കമുള്ള സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്യുന്നത്. പതിമൂന്ന് സംസ്ഥാനങ്ങളിൽ നൂറിനുമുകളിലാണ് മരണനിരക്ക്. കൂടുതൽ രോഗികളുള്ളത് മഹാരാഷ്ട്രയിലാണ്.
Story Highlights- Foreign Medical Aid Meant For People: High Court
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here