ഡിവില്ല്യേഴ്സിന്റെ തിരിച്ചുവരവ് ഉടൻ; വെസ്റ്റ് ഇൻഡീസിനെതിരായ ടി-20 പരമ്പരയിൽ കളിച്ചേക്കും

ദക്ഷിണാഫ്രിക്കൻ ദേശീയ ടീമിൽ നിന്ന് വിരമിച്ച സൂപ്പർ താരം എബി ഡിവില്ല്യേഴ്സ് ഉടൻ തിരിച്ചെത്തിയേക്കുമെന്ന് സൂചന. ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബോർഡ് പ്രസിഡൻ്റ് ഗ്രെയിം സ്മിത്ത് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ടി-20 ലോകകപ്പിൽ ഡിവില്ല്യേഴ്സ് കളിച്ചേക്കുമെന്ന് ടീം പരിശീലകൻ മാർക്ക് ബൗച്ചർ മുൻപ് സൂചിപ്പിച്ചിരുന്നു. അതിനെ ശരിവെക്കുന്നതാണ് പുതിയ റിപ്പോർട്ട്. ജൂണിലാണ് ദക്ഷിണാഫ്രിക്കയുടെ വെസ്റ്റ് ഇൻഡീസ് പര്യടനം.
ദക്ഷിണാഫ്രിക്കൻ ടീമിൽ തിരികെ എത്തിയേക്കുമെന്ന് ഡിവില്ല്യേഴ്സ് തന്നെ സൂചിപ്പിച്ചിരുന്നു. “വീണ്ടും ദക്ഷിണാഫ്രിക്കക്കായി കളിക്കുക എന്നത് മികച്ച അനുഭവമാവും. ഐപിഎൽ അവസാനിക്കുമ്പോൾ ബൗച്ചറുമായി സംസാരിക്കും. കഴിഞ്ഞ വർഷം ടീമിൽ കളിക്കാൻ തയ്യാറുണ്ടോ എന്ന് എന്നോട് അദ്ദേഹം ചോദിച്ചിരുന്നു. ഉറപ്പായും എന്ന് ഞാൻ മറുപടിയും നൽകി.”- കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ ഐപിഎൽ മത്സരത്തിനു പിന്നാലെ നടന്ന വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
2018 മെയിലാണ് ഡിവില്ല്യേഴ്സ് രാജ്യാന്തര മത്സരങ്ങളിൽ നിന്ന് വിരമിച്ചത്. അപ്രതീക്ഷിതമായുള്ള വിരമിക്കലിൽ ക്രിക്കറ്റ് ലോകം ഞെട്ടിയിരുന്നു. രാജ്യാന്തര മത്സരങ്ങളിൽ നിന്ന് വിരമിച്ചെങ്കിലും ഫ്രാഞ്ചസി ക്രിക്കറ്റിൽ അദ്ദേഹം കളിക്കുന്നുണ്ട്. ദക്ഷിണാഫ്രിക്കക്കായി 114 ടെസ്റ്റുകളിലും 228 ഏകദിനങ്ങളിലും 78 ടി-20കളിലും പാഡണിഞ്ഞ എബി ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്സ്മാന്മാരിൽ ഒരാളാണ്.
Story Highlights: Graeme Smith hints at AB de Villiers’ comeback for West Indies T20I series
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here