ലോക്ക്ഡൗൺ; ഗുരുവായൂർ ക്ഷേത്രത്തിൽ വിവാഹചടങ്ങുകൾ നടത്തില്ല

സംസ്ഥാനത്ത് മറ്റന്നാൾ മുതൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ഗുരുവായൂർ ക്ഷേത്രത്തിൽ വിവാഹചടങ്ങുകൾ നടത്തില്ല എന്ന് ദേവസ്വം അധികൃതർ അറിയിച്ചു. നാളെ ബുക്ക് ചെയ്ത വിവാഹങ്ങൾ മാത്രം നടത്തും. ലോക്ക്ഡൗൺ നിയന്ത്രണങ്ങളുടെ ഭാഗമായി ഭക്തർക്ക് ദർശനത്തിനും അനുവാദമില്ല. കൊറോണയുടെ രണ്ടാം ഘട്ട വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ക്ഷേത്രത്തിൽ നേരത്തെ തന്നെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.
സംസ്ഥാനത്തെ ലോക്ക്ഡൗൺ സംബന്ധിച്ച മാർഗനിർദ്ദേശങ്ങൾ പുറത്തിറങ്ങിയിരുന്നു. രാവിലെ 6 മണി മുതൽ രാത്രി 7.30 വരെ അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ തുറക്കാം. ബേക്കറികൾക്കും ഈ സമയത്ത് തുറന്നുപ്രവർത്തിക്കാം. പൊതുഗതാഗതം പൂർണമായും നിർത്തിവെക്കും. അന്തർജില്ലാ യാത്രകൾക്കും വിലക്കുണ്ട്. അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ കേസെടുക്കും. ഹോട്ടലുകളിൽ ഹോം ഡെലിവറി മാത്രം അനുവദിക്കും.
പുറത്തിറങ്ങുന്നവർ സത്യവാങ്മൂലം കരുതണം. ആരാധനാലയങ്ങളിൽ ഭക്തരെ പ്രവേശിപ്പിക്കില്ല. അവശ്യ സർവീസിലുള്ള ഓഫീസുകൾക്ക് മാത്രമേ തുറന്നുപ്രവർത്തിക്കാൻ അനുമതി നൽകൂ. റേഷൻ കടകളടക്കം ഭക്ഷണസാധനങ്ങൾ വിൽക്കുന്ന കടകൾ, പച്ചക്കറി വിൽക്കുന്ന കടകൾ, പാൽ, ഇറച്ചി, മീൻ തുടങ്ങിയവ വിൽക്കുന്ന കടകൾ, കാലിത്തീറ്റ വിൽക്കുന്ന കടകൾ എന്നിവയെയൊക്കെ ലോക്ക്ഡൗണിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ബാങ്കുകൾ, മറ്റ് ധനാകാര്യ സ്ഥാപനങ്ങൾ എന്നിവ രാവിലെ 10 മുതൽ ഉച്ചക്ക് ഒരു മണി വരെയേ പ്രവർത്തിക്കാവൂ. ഏറ്റവും കുറഞ്ഞ സ്റ്റാഫുമായി രണ്ട് മണി വരെയും പ്രവർത്തിക്കാം.
Story Highlights: Lockdown; No weddings will be held at Guruvayur temple
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here