ലോക്ക്ഡൗണിൽ അടിയന്തര യാത്രയ്ക്കുള്ള ഇ-പാസ്; വെബ്സൈറ്റ് പ്രവര്‍ത്തനം ആരംഭിച്ചു

ലോക്ക്ഡൗണിൽ അടിയന്തര യാത്രയ്ക്കുള്ള ഇ-പാസ് നല്‍കുന്ന കേരള പൊലീസിന്റെ വെബ്സൈറ്റ് പ്രവര്‍ത്തനം ആരംഭിച്ചു. https://pass.bsafe.kerala.gov.in/ എന്നതാണ് വെബ്‌സൈറ്റ് ലിങ്ക്.
അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ യാത്ര ചെയ്യുന്നതിനാവശ്യമായ പാസ്സ് ഓണ്‍ലൈനില്‍ ലഭിക്കുവാന്‍ യാത്രക്കാര്‍ പേര്, മേല്‍വിലാസം, വാഹനത്തിന്‍റെ നമ്പർ, സഹയാത്രികന്‍റെ പേര്, യാത്ര പോകേണ്ടതും തിരിച്ചു വരേണ്ടതുമായ സ്ഥലം, തീയതി, സമയം, മൊബൈല്‍ നമ്പർ, ഐഡന്റിറ്റി കാര്‍ഡ് വിവരങ്ങള്‍ തുടങ്ങിയവ നല്‍കി അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. ഈ വിവരങ്ങള്‍ പൊലീസ് കണ്‍ട്രോള്‍ സെന്ററില്‍ പരിശോധിച്ചശേഷം യോഗ്യമായ അപേക്ഷകള്‍ക്ക് അനുമതി നല്‍കുന്നതാണ്.
യാത്രക്കാര്‍ക്ക് തങ്ങളുടെ അപേക്ഷയുടെ സ്റ്റാറ്റസ് പ്രസ്‌തുത വെബ്‌സൈറ്റില്‍ നിന്നും മൊബൈല്‍ നമ്പർ, ജനന തീയതി എന്നിവ നല്‍കി പരിശോധിക്കാവുന്നതും, അനുമതി ലഭിച്ചതായ യാത്ര പാസ് ഡൗൺലോഡ് ചെയ്തോ, സ്‌ക്രീന്‍ ഷോട്ട് എടുത്തോ ഉപയോഗിക്കാവുന്നതാണ് . യാത്രവേളയില്‍ ഇവയോടൊപ്പം അപേക്ഷയില്‍ പറഞ്ഞിരിക്കുന്ന തിരിച്ചറിയല്‍ കാർഡും പൊലീസ് പരിശോധനയ്ക്കായി നിര്‍ബന്ധമായും ലഭ്യമാക്കണം.
അവശ്യസര്‍വ്വീസ് വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ലോക്ക്ഡൗൺ സമയത്ത് യാത്ര ചെയ്യുന്നതിന് അവരുടെ സ്ഥാപനം നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിക്കാം. ഇവര്‍ക്ക് പ്രത്യേകം പൊലീസ് പാസിന്റെ ആവശ്യമില്ല. വീട്ടുജോലിക്കാര്‍ക്കും, കൂലിപ്പണിക്കാര്‍ക്കും, തൊഴിലാളികള്‍ക്കും നേരിട്ടോ, അവരുടെ തൊഴില്‍ദാതാക്കള്‍ മുഖേനയും, മറ്റുള്ളവര്‍ക്ക് വളരെ അത്യാവശ്യമായാ യാത്രകള്‍ക്കും മാത്രം പാസ്സിന് അപേക്ഷിക്കാവുന്നതാണ് .
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here