ഡൽഹി സരോജ് ആശുപത്രിയിൽ 80 ഡോക്ടർമാർക്ക് കൊവിഡ്; സർജൻ മരിച്ചു

ഡൽഹിയിലെ കൊവിഡ് ബാധ അതിരൂക്ഷമായി തുടരുന്നു. ഡൽഹി സരോജ് ആശുപത്രിയിലെ 80 ഡോക്ടർമാർക്കാണ് കൊവിഡ് ബാധിച്ചിരിക്കുന്നത്. മൂന്ന് പതിറ്റാണ്ടിലധികമായി ആശുപത്രിയിലെ സർജനായി സേവനം അനുഷ്ടിച്ചിരുന്ന സർജൻ കൊവിഡ് ബാധിച്ച് മരിച്ചു.
80 ഡോക്ടർമാരിൽ 12 പേർ ആശുപത്രിയിൽ ചികിത്സയിലാണ്. മറ്റുള്ളവർ അവരവരുടെ വീടുകളിൽ ക്വാറൻ്റീനിലാണ്. സർജൻ ഡോ. എകെ റാവത്താണ് കൊവിഡ് ബാധിച്ച് മരിച്ചത്. 27 വർഷത്തോളമായി സരോജ് ആശുപത്രിയിലെ സർജനാണ് ഡോ. എകെ റാവത്ത്. ആശുപത്രിയിൽ കൊവിഡ് പടർന്നുപിടിച്ചതിനാൽ താത്കാലികമായി ഓപി അടച്ചിരിക്കുകയാണ്.
ഡൽഹിയിലെ വിവിധ ആശുപത്രികളിലായി 300ലധികം ആരോഗ്യപ്രവർത്തകർക്ക് കൊവിഡ് ബാധിച്ചു എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
അതേസമയം, രാജ്യത്ത് പ്രതിദിന കൊവിഡ് കേസിൽ നേരിയ കുറവ് റിപ്പോർട്ട് ചെയ്തു. 24 മണിക്കൂറിൽ 3,66,161 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. തുടർച്ചയായി നാൽലക്ഷത്തോളം പ്രതിദിന കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് നേരിയ കുറവ്. കൊവിഡ് ബാധിച്ച് ഇന്നലെ 3,754 പേർക്കാണ് ജീവൻ നഷ്ടമായത്. 3,53,818 പേർ രോഗമുക്തി നേടി.
രാജ്യത്ത് ഇതുവരെ 2,26,62,575 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 1,86,71,222 പേർ രോഗമുക്തി നേടി. 2,46,116 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. ഇന്നലെ വരെയുള്ള കണക്ക് അനുസരിച്ച് രാജ്യത്ത് 17,01,76,603 പേർ വാക്സിൻ സ്വീകരിച്ചു. രാജ്യത്ത് നിലവിൽ 37,45,237 പേരാണ് ചികിത്സയിലുള്ളത്.
Story Highlights: 80 doctors at Delhi’s Saroj Hospital test Covid positive surgeon dies
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here