Advertisement

കോണ്‍ഗ്രസ് അധ്യക്ഷനെ കണ്ടെത്താൻ വൈകും; ജൂണ്‍ 23ലെ തെരഞ്ഞെടുപ്പ് നീട്ടിവച്ചു

May 10, 2021
Google News 1 minute Read

പുതിയ കോണ്‍ഗ്രസ് അധ്യക്ഷനെ കണ്ടെത്താനുള്ള തെരഞ്ഞെടുപ്പ് നീട്ടിവച്ചു. കൊവിഡ് വ്യാപനം കണക്കിലെടുത്താണ് പ്രവര്‍ത്തക സമിതി യോഗത്തിന്റെ തീരുമാനാം.

ജൂണ്‍ 23ന് തെരഞ്ഞെടുപ്പ് നടത്താന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി കഴിഞ്ഞ യോഗത്തില്‍ നിര്‍ദേശം മുന്നോട്ടുവച്ചിരുന്നു. ഇന്നത്തെ യോഗത്തില്‍ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാവുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാൽ കാത്തിരുപ്പ് വീണ്ടും നീളും.

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തെത്തുടര്‍ന്ന് രാഹുല്‍ ഗാന്ധി സ്ഥാനമൊഴിഞ്ഞതിനു ശേഷം കോണ്‍ഗ്രസിന് സ്ഥിരം പ്രസിഡന്റില്ല. പിന്നീട് നേതാക്കളുടെ സമ്മര്‍ദത്തെത്തുടര്‍ന്ന് സോണിയ ഗാന്ധി താത്കാലികമായി ചുതമല വഹിച്ചുവരികയാണ്. സ്ഥിരം പ്രസിഡന്റ് വേണമെന്ന ഒരു വിഭാഗം നേതാക്കളുടെ മുറവിളിക്കിടെയാണ് ജൂണ്‍ 23ന് തെരഞ്ഞെടുപ്പ് നടക്കാന്‍ നീക്കമുണ്ടായത്.

അതേസമയം തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് നേരിട്ട പരാജയം ഗൗരവമുള്ളതെന്ന് പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി ആവർത്തിച്ചു. തിരിച്ചടിയില്‍ നിന്ന് പാഠം പഠിച്ചില്ലെങ്കില്‍ ശരിയായ ദിശയില്‍ മുന്നോട്ടുപോവാനാവില്ലെന്ന് മുന്നറിയിപ്പും നൽകി. കോണ്‍ഗ്രസിന്റെ അവസ്ഥയിൽ നിരാശയുണ്ട്. തെരഞ്ഞെടുപ്പു ഫലം പരിശോധിക്കാന്‍ സമിതിയെ നിയോഗിക്കും. എത്രയും പെട്ടെന്നു സമിതി റിപ്പോര്‍ട്ട് നല്‍കണമെന്നും സോണിയ ആവശ്യപ്പെട്ടു.

കേരളത്തിലും അസമിലും വിജയിക്കാനാവാത്തത് എന്തുകൊണ്ടെന്ന് ഗൗരവത്തോടെ പരിശോധിക്കണം. പശ്ചിമ ബംഗാളില്‍ ഒരു സീറ്റ് പോലും നേടാനാവാത്ത സാഹചര്യവും അറിയിക്കണം. യാഥാര്‍ഥ്യത്തെ നേരിട്ടുകൊണ്ടല്ലാതെ പാര്‍ട്ടിക്കു മുന്നോട്ടുപോവാനാവില്ലെന്നും സോണിയ ഗാന്ധി പറഞ്ഞു.

അഞ്ചു സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ തമിഴ്‌നാട്ടില്‍ മാത്രമാണ് കോണ്‍ഗ്രസിന് അല്‍പ്പമെങ്കിലും ഭേദപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാനായത്. ബംഗാളില്‍ ഇടതു സഖ്യത്തിനൊപ്പം മത്സരിച്ച പാര്‍ട്ടി ഒരു സീറ്റിലും ജയിച്ചില്ല. അസമിലും കോണ്‍ഗ്രസ് പ്രതിപക്ഷത്തു തുടരാനാണ് ജനവിധി.

Story Highlights: Delay Congress President’s Election Due To Covid Pandemic

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here