സ്വര്‍ണ്ണക്കടത്ത് വിവാദത്തില്‍ കേന്ദ്രവുമായുള്ള ഏറ്റുമുട്ടലില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന് സംസ്ഥാനസര്‍ക്കാര്‍

സ്വര്‍ണ്ണക്കടത്തില്‍ കേന്ദ്ര ഏജന്‍സികള്‍ക്കെതിരായ ജുഡീഷ്യല്‍ അന്വേഷണവുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട്. മുഖ്യമന്ത്രിയെയും മന്ത്രിമാരെയും സ്പീക്കറെയും പ്രതി ചേര്‍ക്കാന്‍ ഗൂഡാലോചന നടന്നോ, പിന്നില്‍ ആരൊക്കെ എന്നതടക്കമുള്ള കാര്യങ്ങള്‍ പരിഗണനാ വിഷയമാക്കി സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കി.
സ്വര്‍ണ്ണക്കടത്ത് വിവാദത്തില്‍ കേന്ദ്രവുമായുള്ള ഏറ്റുമുട്ടലില്‍ ഒരു വിട്ടുവീഴ്ചയ്ക്കും സംസ്ഥാനസര്‍ക്കാര്‍ തയ്യാറല്ല എന്നാണ് ഈ നടപടിയിലൂടെ സൂചിപ്പിക്കുന്നത്. തെരഞ്ഞെടുപ്പിന് മുൻപ് ദേശീയ അന്വേഷണ ഏജന്‍സികള്‍ക്കെതിരെ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച സര്‍ക്കാരിന്റെ അസാധാരണ നടപടി വലിയ ചര്‍ച്ചയായിരുന്നു.
കമ്മീഷന്റെ പരിഗണനാ വിഷയങ്ങള്‍ നിശ്ചയിച്ച് സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കി. മുഖ്യമന്ത്രിയെ പ്രതിചേര്‍ക്കാന്‍ ഗൂഡാലോചന നടന്നുവെന്ന സ്വപ്നാ സുരേഷിന്റെ ശബ്ദരേഖ, മന്ത്രിമാരെയും സ്പീക്കറെയും പ്രതിയാക്കാന്‍ ശ്രമം ഉണ്ടായെന്ന് കാണിച്ച് സന്ദീപ് നായര്‍ എറണാകുളം ജില്ലാ സെഷന്‍സ് ജഡ്ജിക്ക് കത്ത് നല്‍കിയത് എന്നിവയാണ് ജസ്റ്റിസ് വി കെ മോഹന്‍ കമ്മീഷന്റെ പരിഗണനാ വിഷയങ്ങള്‍. കേസില്‍ ഉന്നത നേതാക്കളെ പ്രതിചേര്‍ക്കാന്‍ ഗൂഡാലോചന നടന്നെങ്കില്‍ ഇതിന് പിന്നില്‍ ആരാണെന്നും കണ്ടെത്തണമെന്നതും കമ്മീഷന്റെ മുന്നിലുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here