‘യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ നിലയ്ക്ക് നിര്‍ത്തണം; ആരോഗ്യമന്ത്രിയെ ശാരീരികമായി ആക്രമിക്കാനുള്ള ശ്രമം അനുവദിക്കില്ല’ ; മന്ത്രി വി ശിവന്‍കുട്ടി

ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ ശാരീരികമായി ആക്രമിക്കാനുള്ള ശ്രമം അനുവദിക്കില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി. കഴിഞ്ഞ ദിവസം പത്തനംതിട്ട കുമ്പഴയിലെ വീണാ ജോര്‍ജിന്റെ കുടുംബ വീട് ആക്രമിക്കാന്‍ ശ്രമം നടന്നുവെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. തൊട്ടടുത്ത് ഒരു ക്യാന്‍സര്‍ രോഗി മരിച്ചു കിടക്കുമ്പോള്‍ ആണ് യാതൊരു മനുഷ്യത്വവുമില്ലാതെ ശവമഞ്ചവുമേന്തി യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. സാമൂഹ്യമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് പ്രതികരണം.
പ്രതിഷേധങ്ങള്‍ക്ക് ജനാധിപത്യ മാര്‍ഗങ്ങള്‍ ഉണ്ട്. അതും കടന്ന് മന്ത്രിയെ ശാരീരികമായി അപായപ്പെടുത്താന്‍ ആണ് ശ്രമമെങ്കില്‍ പൊതുസമൂഹം അനുവദിക്കില്ല. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടന്നത് ദൗര്‍ഭാഗ്യകരമായ സംഭവമാണ്. സംഭവത്തില്‍ സര്‍ക്കാര്‍ ബിന്ദുവിന്റെ കുടുംബത്തോട് ഒപ്പമാണ്. ആരോഗ്യ മന്ത്രി ബിന്ദുവിന്റെ വീട്ടിലെത്തി ഇക്കാര്യം അറിയിക്കുകയും ചെയ്തു.കുടുംബത്തിന് നിയമപരമായ എല്ലാ സഹായവും സര്‍ക്കാര്‍ നല്‍കും. അക്രമാസക്തരായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കോണ്‍ഗ്രസ്, യു ഡി എഫ് നേതൃത്വം ഇടപ്പെട്ട് നിലയ്ക്ക് നിര്‍ത്തണം. ക്രമസമാധാനത്തില്‍ ഒന്നാം സ്ഥാനത്തുള്ള കേരളത്തിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ഒരു നീക്കവും കേരള സമൂഹം അംഗീകരിക്കില്ല – അദ്ദേഹം കുറിച്ചു.
അതേസമയം, ആരോഗ്യമന്ത്രി തലയോലപ്പറമ്പിലെ ബിന്ദുവിന്റെ വീട്ടില്‍ എത്തി. അപകട സമയത്ത് ജില്ലയില്‍ ഉണ്ടായിരുന്നിട്ടും മന്ത്രി കുടുംബത്തെ സന്ദര്‍ശിച്ചില്ലെന്ന് വിമര്‍ശനവും പരാതിയും ഉയര്‍ന്നിരുന്നു. സിപിഐഎം നേതാക്കള്‍ക്കൊപ്പം എത്തിയ മന്ത്രി ബിന്ദുവിന്റെ ഭര്‍ത്താവ് വിശ്രുതനെയും അമ്മ സീതാലക്ഷ്മിയും ആശ്വസിപ്പിച്ചു.
Story Highlights : V Sivankutty against Youth Congress
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here