അബിന്‍ വര്‍ക്കിയെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനാക്കണം; 40 ഭാരവാഹികള്‍ എഐസിസിക്ക് കത്തയച്ചു

യൂത്ത് കോണ്‍ഗ്രസില്‍ പുതിയ അധ്യക്ഷനെ ചൊല്ലി തര്‍ക്കം രൂക്ഷം. നിലവിലെ ഭാരവാഹികള്‍ക്ക് പുറത്തുനിന്ന് അധ്യക്ഷന്‍ വന്നാല്‍ കടുത്ത നിലപാടിലേക്ക് പോകുമെന്ന ഭീഷണിയുമായി അബിന്‍ വര്‍ക്കി രംഗത്തെത്തി. എന്നാല്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്നില്‍ നിന്ന് കുത്തിയത് അബിന്‍ വര്‍ക്കി എന്ന പ്രചരണം രാഹുല്‍ മാങ്കൂട്ടത്തില്‍ ശക്തമാക്കുകയാണ്. ബിനു ചുള്ളിയിലിനായി കെ.സി വേണുഗോപാല്‍ പക്ഷവും സമ്മര്‍ദം ചെലുത്തുകയാണ്. ( 40 youth congress leaders send letter to aicc for abin varkey)
അബിന്‍ വര്‍ക്കിയെ സംസ്ഥാന അധ്യക്ഷനാക്കണമെന്ന് ആവശ്യപ്പെട്ട് നാല് ജില്ലാ പ്രസിഡന്റുമാരുള്‍പ്പെടെ 40 സംസ്ഥാന ഭാരവാഹികള്‍ എ.ഐ.സി.സിക്ക് കത്തയച്ചു. മറ്റ് സംസ്ഥാനങ്ങളിലെ സമാന സാഹചര്യങ്ങള്‍ ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയാണ് അബിന്‍ വര്‍ക്കിക്കായുള്ള സമ്മര്‍ദം. സ്വാഭാവിക നീതി ലംഘിക്കരുതെന്നതാണ് ആവശ്യം. നിലവിലെ ഭാരവാഹികള്‍ക്ക് പുറത്തുനിന്ന് അധ്യക്ഷന്‍ വേണ്ടെന്നും ഇവര്‍ വാദിക്കുന്നു. അങ്ങനെയുണ്ടെങ്കില്‍ രാജി ഭീഷണി ഉള്‍പ്പടെ മുഴക്കാനും അബിന്‍ വര്‍ക്കി പക്ഷം ആലോചിക്കുന്നുണ്ട്. ബാഹുബലി വിമര്‍ശനം അബിനെ വെട്ടാനുള്ള നീക്കത്തിന്റെ ഭാഗമാണെന്നും ഇവര്‍ കണക്കുകൂട്ടുന്നു. എന്നാല്‍ രാഹുലിനെതിരായ നീക്കങ്ങള്‍ക്ക് പിന്നില്‍ അബിന്‍ വര്‍ക്കിയുമുണ്ട് എന്ന് ചൂണ്ടിക്കാട്ടിയാണ് ഒരു വിഭാഗത്തിന്റെ മറുനീക്കം.
Read Also: ജയം തുടരാൻ കൊച്ചി; ആദ്യ ജയത്തിനായി ആലപ്പി
ബിനു ചുള്ളിയിലിനെ സംസ്ഥാന അധ്യക്ഷസ്ഥാനത്തേക്ക് എത്തിക്കാന്‍ കെ സി വേണുഗോപാല്‍ പക്ഷത്തിന്റെ ശ്രമവും തുടരുകയാണ്. കേരളത്തില്‍ തര്‍ക്കം ഉണ്ടായാല്‍ താല്‍ക്കാലിക ചുമതല ബിനു ചുള്ളിയിലിന് നല്‍കാനും ആലോചനയുണ്ട്. കെഎം അഭിജിത്തിനായുള്ള നീക്കവും ഇപ്പോഴും അണിയറയില്‍ സജീവമാണ്. അരിതാ ബാബുവിനെ ഉയര്‍ത്തിക്കാട്ടി വനിതാ പ്രവര്‍ത്തകരും സമ്മര്‍ദം ശക്തമാക്കുന്നുണ്ട്. തര്‍ക്കം രൂക്ഷമായ പശ്ചാത്തലത്തില്‍ സംസ്ഥാനവിധ പ്രഖ്യാപനം അടുത്ത ദിവസങ്ങളില്‍ ഉണ്ടാവില്ല. ഒരാഴ്ചയ്ക്കുള്ളില്‍ പ്രഖ്യാപനം നടത്താമെന്ന നിലപാടാണ് ഇപ്പോള്‍ നേതൃത്വത്തിനുള്ളത്.
Story Highlights : 40 youth congress leaders send letter to aicc for abin varkey
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here