തലസ്ഥാനത്തെ വെള്ളക്കെട്ട് നിവാരണത്തിന് അതിവേഗ നടപടി; മുന്നൊരുക്കം ആരംഭിച്ചതായി നവ്ജ്യോത് ഖോസ

മേയ് 16 വരെ തീവ്ര മഴയ്ക്കു സാധ്യതയുണ്ടെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ മഴക്കെടുതി നേരിടാൻ, തലസ്ഥാനത്ത് മുന്നൊരുക്കങ്ങൾ ആരംഭിച്ചതായി കളക്ടർ നവ്ജ്യോത് ഖോസ. കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ മഴയ്ക്ക് പിന്നാലെ നഗരത്തിലുണ്ടായ വെള്ളക്കെട്ട് ആവർത്തിക്കാതിരിക്കാൻ അതിവേഗ നടപടി സ്വീകരിച്ചതായും കളക്ടർ അറിയിച്ചു. വെള്ളക്കെട്ടുണ്ടാകുന്ന മേഖലകളിൽ ഓടകളും കനാലുകളും ജലാശയങ്ങളും മൂന്നു ദിവസത്തിനകം വൃത്തിയാക്കാൻ നിർദേശം നൽകി. കുരിയാത്തി തോടിന്റെ 500 മീറ്റർ ഭാഗങ്ങളും കിള്ളിയാറിലേക്കുള്ള 1500 മീറ്റർ ഭാഗവും വൃത്തിയാക്കുന്ന ജോലികൾ ഉടൻ ആരംഭിക്കും.
അട്ടക്കുളങ്ങര കിള്ളിപ്പാലം ബൈപാസ് റോഡ്, പേരൂർക്കട-മണ്ണാമൂല റോഡ്, ഗാന്ധാരിയമ്മൻ കോവിൽ റോഡ്, അട്ടക്കുളങ്ങര-തിരുവല്ലം റോഡ്, കണ്ണമ്മൂല-മുളവന റോഡ്, മണക്കാട്-പെരുന്നല്ലി റോഡ്, ഇടപ്പഴഞ്ഞി-ജഗതി റോഡ് എന്നിവിടങ്ങളിലെ ഓടകളും ചാലുകളും നിർദേശം നൽകി. ചാല-അട്ടക്കുളങ്ങര റോഡ്, എസ്.കെ. ടിംബർ-യമുന നഗർ റോഡ്, മണി സ്മാരക റോഡ്, അംഗാൾ അമ്മൻ സ്ട്രീറ്റ്, വിവേകാനന്ദ റോഡ്, ചാല മാർക്കറ്റ്, വലിയശാല വാർഡ്, കരിമഠം കോളനി, ശാസ്തമംഗലം വാർഡ്, ജഗതി, കരമന എന്നിവിടങ്ങളിലെ ഓടകളും ചാലുകളും 72 മണിക്കൂറിനകം വൃത്തിയാക്കുന്നതിനു കോർപ്പറേഷൻ സെക്രട്ടറിക്കു നിർദേശം നൽകി. കരമനയാർ, കിള്ളിയാർ, തെക്കിനിക്കര കനാൽ, ആമയിഴഞ്ചാൻ തോട്, ഉള്ളൂർ തോട് എന്നിവിടങ്ങളിൽ ക്ലീനിങ് ജോലികൾ പൂർത്തിയാക്കാൻ മേജർ ഇറിഗേഷൻ വിഭാഗത്തിനോടും അവശ്യപ്പെട്ടു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here