ഐപിഎൽ രണ്ടാം പാദം ന്യൂസീലൻഡ് താരങ്ങൾക്കും നഷ്ടമായേക്കും

ഐപിഎൽ രണ്ടാം പാദത്തിൽ ന്യൂസീലൻഡ് താരങ്ങളും കളിക്കാനെത്തില്ലെന്ന് റിപ്പോർട്ട്. സെപ്തംബർ-ഒക്ടോബർ വിൻഡോയിൽ ബാക്കിയുള്ള മത്സരങ്ങൾ നടത്താനാണ് നിലവിൽ ബിസിസിഐയുടെ തീരുമാനം. എന്നാൽ, ഈ വിൻഡോയിൽ കളിച്ചാൽ ന്യൂസീലൻഡ് താരങ്ങൾ എത്തില്ലെന്നാണ് നിലവിലെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
സെപ്തംബർ-ഒക്ടോബർ മാസങ്ങളിൽ ന്യൂസീലൻഡിന് പാകിസ്താനുമായി രാജ്യാന്തര മത്സരങ്ങളുണ്ട്. പിന്നാലെ ടി-20 ലോകകപ്പ് കൂടി കളിക്കാനുള്ളതിനാൽ ന്യൂസീലൻഡ് താരങ്ങൾ ഐപിഎൽ കളിച്ചേക്കില്ലെന്നാണ് സൂചനകൾ.
കെയിൻ വില്ല്യംസൺ, ട്രെൻ്റ് ബോൾട്ട്, കെയിൽ ജമീസൺ, ഫിൻ അലൻ, ലോക്കി ഫെർഗൂസൻ, മിച്ചൽ സാൻ്റ്നർ, ടിം സെയ്ഫെർട്ട്, ആദം മിൽനെ, ജെയിംസ് നീഷം എന്നിവരാണ് ഐപിഎലിൽ കളിക്കുന്ന കിവീസ് താരങ്ങൽ.
അതേസമയം, ഐപിഎൽ പുനരാരംഭിച്ചാൽ ഇംഗ്ലണ്ട് താരങ്ങൾ പങ്കെടുത്തേക്കില്ലെന്നും റിപ്പോർട്ടുകളുണ്ട്. സെപ്തംബറിലാണ് ഐപിഎലിലെ ബാക്കി മത്സരങ്ങൾ നടത്താൻ ബിസിസിഐ ആലോചിക്കുന്നത്. എന്നാൽ, ജൂൺ മുതൽ ഇംഗ്ലണ്ട് ടീമിന് രാജ്യാന്തര മത്സരങ്ങളുണ്ട്. അതുകൊണ്ട് തന്നെ സെപ്തംബർ വിൻഡോയിൽ അവർക്ക് ഐപിഎലിൽ പങ്കെടുക്കാൻ സാധിക്കില്ലെന്നാണ് റിപ്പോർട്ട്.
ശേഷിക്കുന്ന ഐപിഎൽ മത്സരങ്ങൾ ഇന്ത്യയിൽ നടത്തില്ലെന്ന് ബിസിസിഐ പ്രസിഡൻ്റ് സൗരവ് ഗാംഗുലി വ്യക്തമാക്കിയിരുന്നു. ഇന്ത്യയിൽ ഐപിഎൽ നടത്തണമെങ്കിൽ രാജ്യത്ത് ഒരു കേസ് പോലും ഇല്ലാതാവണം. സ്പോർട്സ്റ്റാറിനു നൽകിയ അഭിമുഖത്തിലാണ് സൗരബ് ഗാംഗുലിയുടെ പ്രതികരണം. താരങ്ങൾക്കും സപ്പോർട്ട് സ്റ്റാഫിനും കൊവിഡ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ഐപിഎൽ പാതിവഴിക്ക് നിർത്തിവച്ചത്.
Story Highlights: New Zealand Cricketers Could Miss Rescheduled IPL
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here