Advertisement

‘അതൊന്നും അല്ലാര്‍ന്നു, എനിക്ക് അറിയാര്‍ന്നു, അവള്‍ക്ക് എന്തേലും ബുദ്ധിമുട്ടുണ്ടേല്‍ പെട്ടെന്ന് എന്നെ വിളിക്കും’ അപകടമുണ്ടായത് സൗമ്യ ഭര്‍ത്താവുമായി ഫോണില്‍ സംസാരിക്കവെ

May 12, 2021
Google News 1 minute Read
saumya santhosh husband

സൗമ്യയുമായി ഫോണില്‍ സംസാരിക്കവെയാണ് അപകടമുണ്ടായതെന്ന് ഭര്‍ത്താവ് സന്തോഷ്. സൗമ്യ മരിച്ചതിന്‍റെ നടുക്കം വിട്ടുമാറാതെയാണ് സന്തോഷ് ഇത് പറഞ്ഞത്. കുടുംബാംഗങ്ങളെല്ലാം പൊട്ടിക്കരഞ്ഞുകൊണ്ടാണ് സൗമ്യ മരിച്ച വാര്‍ത്തയോട് പ്രതികരിച്ചത്.

‘ഫോണ്‍ ചാര്‍ജ് ചെയ്യാനോ ഫുഡ് കഴിക്കാനോ ഫോണ്‍ ഓഫ് ചെയ്യുമെന്നേയുള്ളൂ. അല്ലെങ്കില്‍ രാത്രി വരെ ഞങ്ങള്‍ ഫോണിലാണ്. ഭക്ഷണം കഴിക്കുകയാണെന്ന് പറഞ്ഞു. ഒരു ഒച്ച കേട്ടു. ഫോണ്‍ അങ്ങ് മറിഞ്ഞു. ഹലോ ഹലോ എന്ന് വിളിച്ചിട്ട് എടുക്കുന്നില്ല. ഒരു മിനിട്ട് കഴിഞ്ഞപ്പോള്‍ ആള് കൂടുന്നത് പോലെ ശബ്ദം കേട്ടു. പെട്ടെന്ന് ഇസ്രയേലിലുള്ള പെങ്ങളെ വിളിച്ചു. അവളു വിളിച്ചിട്ട് പറഞ്ഞു, എടാ ശരിയാടാ അവിടെ അടുത്താണ് സംഭവം ഉണ്ടായത്. ഒരു പീസ് അങ്ങോട്ട് പോയി വീണതേയുള്ളൂ. അതൊന്നും അല്ലാര്‍ന്നു, എനിക്ക് അറിയാര്‍ന്നു, അവള്‍ക്ക് എന്തേലും ബുദ്ധിമുട്ടുണ്ടേല്‍ അവള്‍ പെട്ടെന്ന് എന്നെ വിളിക്കും.’ വിതുമ്പലോടെ സന്തോഷ് പറഞ്ഞു. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ സൗമ്യ നാട്ടിലേക്ക് വരാന്‍ ഇരിക്കുകയായിരുന്നെന്നും എന്നാല്‍ കൊവിഡ് സാഹചര്യത്തില്‍ വരവ് നീണ്ടുപോയതാണെന്നും സന്തോഷ് ട്വന്റിഫോറിനോട്.

Read Also : ഇസ്രായേല്‍ ഷെല്ലാക്രമണം; മരിച്ച സൗമ്യയുടെ മൃതദേഹം നാട്ടില്‍ എത്തിക്കാനുള്ള ശ്രമം ആരംഭിച്ചു

ഇടുക്കി കീരിത്തോട് കാഞ്ഞിരത്താനം സ്വദേശിനി സൗമ്യ സന്തോഷ് ഇന്നലെയാണ് ഇസ്രയേലില്‍ ഹമാസിന്റെ റോക്കറ്റാക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇസ്രയേലിലെ അഷ്‌കലോണ്‍ നഗരത്തിന് നേര്‍ക്കുണ്ടായ ആക്രമണത്തിലായിരുന്നു സൗമ്യയുടെ മരണം. ഇന്ത്യന്‍ സമയം 6.30 ഓടെയാണ് സൗമ്യ ഷെല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

അഞ്ച് വര്‍ഷമായി സൗമ്യ ഇസ്രയേലില്‍ കെയര്‍ ടേക്കറായി ജോലി ചെയ്യുകയായിരുന്നു. ആക്രമണത്തില്‍ സൗമ്യ പരിചരിച്ചിരുന്ന ഇസ്രയേല്‍ വനിതയും മരിച്ചു. കൊല്ലപ്പെട്ട സൗമ്യയുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ടിട്ടുണ്ട്. കഞ്ഞിക്കുഴി പഞ്ചായത്ത് മുന്‍ മെമ്പര്‍മാരായ സതീശന്റെയും സാവിത്രിയുടെയും മകളാണ് കൊല്ലപ്പെട്ട സൗമ്യ. എട്ട് വയസുകാരനായ മകനുണ്ട്. സൗമ്യയുടെ മരണത്തോടെ ഇസ്രയേലിലെ മലയാളി സമൂഹം ആശങ്കയിലാണ്. ഇസ്രയേലില്‍ ആദ്യമായാണ് ഷെല്‍ ആക്രമണത്തില്‍ ഒരു മലയാളി കൊല്ലപ്പെടുന്നത്.

Story Highlights: israel, shell attack

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here