ഹമാസ് ഷെല്ലാക്രമണത്തില്‍ മരിച്ച സൗമ്യയുടെ മൃതദേഹം നാട്ടില്‍ എത്തിക്കാനുള്ള ശ്രമം ആരംഭിച്ചു

ഇസ്രയേലില്‍ ഹമാസിന്റെ റോക്കറ്റാക്രമണത്തില്‍ കൊല്ലപ്പെട്ട കീരിത്തോട് കാഞ്ഞിരത്താനം സ്വദേശിനി സൗമ്യ സന്തോഷിന്റെ കുടുംബത്തിന് എല്ലാ സഹായങ്ങളും ഉറപ്പ് നല്‍കിയതായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. അതേസമയം യുവതിയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം ആരംഭിച്ചു.
ട്വിറ്ററിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. സൗമ്യയുടെ കുടുംബാംഗങ്ങളുമായി സംസാരിച്ചതായും അനുശോചനം അറിയിച്ചതായും വി മുരളീധരന്‍ പറഞ്ഞു. ജറുസലേമിലെ ഇത്തരം ആക്രമണങ്ങളെയും സംഘര്‍ഷങ്ങളെയും അപലപിക്കുന്നതായും ഇരുപക്ഷവും ആക്രമണങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നാണ് നിലപാടെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
ഇന്നലെ വൈകുന്നേരത്തോടെയാണ് സൗമ്യ സന്തോഷ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇസ്രയേലിലെ അഷ്‌കലോണ്‍ നഗരത്തിന് നേര്‍ക്കുണ്ടായ ആക്രമണത്തിലായിരുന്നു സൗമ്യയുടെ മരണം. ഇന്ത്യന്‍ സമയം 6.30 ഓടെയാണ് സൗമ്യ ഷെല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
അഞ്ച് വര്‍ഷമായി സൗമ്യ ഇസ്രയേലില്‍ കെയര്‍ ടേക്കറായി ജോലി ചെയ്യുകയായിരുന്നു. ആക്രമണത്തില്‍ സൗമ്യ പരിചരിച്ചിരുന്ന ഇസ്രായേല്‍ വനിതയും മരിച്ചു. കൊല്ലപ്പെട്ട സൗമ്യയുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ടിട്ടുണ്ട്.
ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് കേന്ദ്ര മന്ത്രി വി മുരളീധരന്‍ കുടുംബത്തെ അറിയിച്ചു. ഇടുക്കി എംപി ഡീന്‍ കുര്യാക്കോസ് വിദേശകാര്യ മന്ത്രാലയത്തിനും എംബസിക്കും കത്തയച്ചിട്ടുണ്ട്.
കഞ്ഞിക്കുഴി പഞ്ചായത്ത് മുന്‍ മെമ്പര്‍മാരായ സതീശന്റെയും സാവിത്രിയുടെയും മകളാണ് കൊല്ലപ്പെട്ട സൗമ്യ. എട്ട് വയസുകാരനായ മകനുണ്ട്. സൗമ്യയുടെ മരണത്തോടെ ഇസ്രയേലിലെ മലയാളി സമൂഹം ആശങ്കയിലാണ്. ഇസ്രായേലില്‍ ആദ്യമായാണ് ഷെല്‍ ആക്രമണത്തില്‍ ഒരു മലയാളി കൊല്ലപ്പെടുന്നത്.
Story Highlights: israel, shell attack
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here