പുതിയ സിബിഐ ഡയറക്ടർ; പരിഗണനാ പട്ടികയിൽ ലോക്നാഥ് ബെഹ്റയും

പുതിയ സിബിഐ ഡയറക്ടർ പരിഗണനാ പട്ടികയിൽ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയും. ഈ മാസം 24ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ അന്തിമതീരുമാനം ഉണ്ടാവും. പുതിയ സിബിഐ ഡയറക്ടറെ നിയമിക്കുന്നതിൽ വരുന്ന കാലതാമസത്തിനെതിരെ സമർപ്പിച്ച പൊതുതാത്പര്യ ഹർജി സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് യോഗം ചേരുന്നത്.
ഋഷി കുമാർ ശുക്ല വിരമിച്ചതിനെ തുടർന്ന് ഫെബ്രുവരി ആദ്യ ആഴ്ച്ച മുതൽ താത്കാലിക ഡയറക്ടർ ആണ് സിബിഐയുടെ തലപ്പത്തുള്ളത്. പ്രവീൺ സിൻഹയുടെ താത്കാലിക ഡയറക്ടർ സ്ഥാനാരോഹണവും ഡയറക്ടർ നിയമനം വൈകുന്നതും ഇതിനിടെ സുപ്രിം കോടതിയുടെ പരിഗണനയ്ക്ക് എത്തുകയും ചെയ്തു.
പശ്ചിമ ബംഗാൾ ഉൾപ്പടെയുള്ള നിയമസഭാ തെരെഞ്ഞെടുപ്പുകളുടെ തിരക്ക് ചൂണ്ടിക്കാട്ടിയായിരുന്നു പുതിയ ഡയറക്ടറെ തെരഞ്ഞെടുക്കുന്നതിനുള്ള യോഗം വൈകുന്നതിനെ കേന്ദ്രം ന്യായികരിച്ചത്. ഇതിനിടെ ആണ് ഉന്നത സമിതിയ്ക്ക് വീണ്ടൂം ഡയറക്ടർ മാരായ് പരിഗണിയ്ക്കാവുന്നവരുടെ ചുരുക്കപ്പട്ടിക കേന്ദ്രസർക്കാർ കൈമാറിയത്. ബെഹ്റയ്ക്കൊപ്പം സി ബി ഐ താത്കാലിക ഡയറക്ടർ പ്രവീൺ സിൻഹ, ബി എസ് എഫ് മേധാവി രാകേഷ് അസ്‌താന, എൻ ഐ എ മേധാവി വൈ സി മോദി, സി ഐ എസ് എഫ് മേധാവി സുബോധ് കാന്ത് ജയ്സ്വാൾ, ഐ ടി ബി പി മേധാവി എസ് എസ് ദേസ്വാൾ, ഉത്തർപ്രദേശ് ഡി ജി പി ഹിതേഷ് ചന്ദ്ര അവാസ്ഥി എന്നിവരാണ് പരിഗണന പട്ടികയിലുള്ള മറ്റ് ഐ പി എസ് ഉദ്യോഗസ്ഥർ.
പട്ടികയിൽ നിന്ന് പുതിയ സി ബി ഐ ഡയറക്‌ടറെ മേയ് 24ന് തിരഞ്ഞെടുക്കും. പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ആണ് ഉന്നതതല യോഗം നടക്കുക. ചീഫ് ജസ്റ്റിസ് എൻ വി രമണ, ലോക്‌സഭയിലെ കോൺഗ്രസ് കക്ഷി നേതാവ് ആധിർ രഞ്ജൻ ചൗധരി എന്നിവർ യോഗത്തിൽ പങ്കെടുക്കും.
1985 ബാച്ച് കേരള കേഡർ ഐ പി എസ് ഉദ്യോഗസ്ഥനാണ് ലോക്‌നാഥ് ബെഹ്‌റ. ആലപ്പുഴ എ എസ് പി ആയാണ് ആദ്യ നിയമനം. തിരുവനന്തപുരം സിറ്റി പൊലീസ് ഡെപ്യൂട്ടി കമ്മിഷണർ, പൊലീസ് കമ്മിഷണർ, പോലീസ് ആസ്ഥാനത്ത് ഐ ജി, എ ഡി ജി പി നവീകരണം, വിജിലൻസ് ഡയറക്‌ടർ എന്നീ തസ്തികകളിൽ പ്രവർത്തിച്ചിട്ടുണ്ട്. എൻ ഐ എ, സി ബി ഐ. എന്നിവിടങ്ങളിൽ ദീർഘകാലം സേവനം അനുഷ്‌ഠിക്കുകയും ചെയ്‌തിട്ടുണ്ട്.
Story Highlights: New CBI director; Loknath Behera is also on the list
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here