മറാത്ത സംവരണക്കേസ് വിധി പുനഃപരിശോധിക്കണമെന്ന് കേന്ദ്രം

സാമൂഹികമായി പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങളെ തീരുമാനിക്കാനുള്ള അധികാരം രാഷ്ട്രപതിക്ക് മാത്രമാണെന്ന മറാത്ത സംവരണക്കേസിലെ വിധി പുനഃപരിശോധിക്കണമെന്ന് കേന്ദ്രസർക്കാർ സുപ്രിംകോടതിയിൽ. ഭരണഘടനയുടെ 102ആം ഭേദഗതി വ്യാഖ്യാനിച്ചത് പുനഃപരിശോധിക്കണമെന്നാണ് ആവശ്യം. സംസ്ഥാനങ്ങൾക്ക് അവരുടെ സ്വന്തം പട്ടിക തയാറാക്കാനുള്ള അധികാരം പുനഃസ്ഥാപിക്കണം. മറാത്ത സംവരണ വിധി സ്റ്റേ ചെയ്യണമെന്നും, തുറന്ന കോടതിയിൽ വാദം കേൾക്കണമെന്നും പുനഃപരിശോധനാ ഹർജിയിൽ കേന്ദ്രം ആവശ്യപ്പെട്ടു.
മറാത്ത സംവരണം ഏർപ്പെടുത്തിയ മഹാരാഷ്ട്രാ സർക്കാരിന്റെ നടപടി മെയ് അഞ്ചിനാണ് സുപ്രിംകോടതി റദ്ദാക്കിയത്. വിദ്യാഭ്യാസത്തിനും ജോലിക്കുമാണ് സംവരണം ഏർപ്പെടുത്തിയിരുന്നത്. ഇന്ദിര സാഹ്നി കേസിലെ വിധി പുനഃപരിശോധിക്കില്ല. സംവരണം 50 ശതമാനം കടന്നത് ഭരണഘടനാ ലംഘനമെന്നും കോടതി.
ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് നിലപാട് വ്യക്തമാക്കിയത്. സംവരണം 50 ശതമാനത്തിൽ കൂടുതലാകാമെന്നും മണ്ഡൽ കമ്മീഷൻ വിധി പുനഃപരിശോധിക്കണമെന്നും കേരളം നിലപാട് അറിയിച്ചിരുന്നു. ജസ്റ്റിസുമാരായ അശോക് ഭൂഷൺ, എൽ. നാഗേശ്വര റാവു, എസ്. അബ്ദുൽ നസീർ, ഹേമന്ദ് ഗുപ്ത, എസ്. രവീന്ദ്ര ഭട്ട് എന്നിവരടങ്ങിയ ബെഞ്ചാണ് കേസിൽ വിധി പറഞ്ഞത്.
കേരളം, കർണാടക, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങൾ സംവരണം അൻപത് ശതമാനം കടക്കാമെന്ന നിലപാട് കോടതിയിൽ സ്വീകരിച്ചിരുന്നു. സംവരണ വിഷയത്തിൽ തീരുമാനമെടുക്കാനുള്ള അധികാരം സംസ്ഥാന സർക്കാരിന് തന്നെയാകണമെന്നും കേരളം നിലപാട് അറിയിച്ചു. എന്നാൽ, സംവരണ കാര്യത്തിൽ തീരുമാനമെടുക്കാനുള്ള അധികാരം തങ്ങൾക്കാണെന്നാണ് കേന്ദ്ര സർക്കാരിന്റെ നിലപാട്.
Story Highlights: Center seeks review of Maratha reservation case verdict
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here