Advertisement

ഗംഗാനദിയില്‍ മൃതദേഹങ്ങള്‍ ഒഴുക്കിയ സംഭവം; മാര്‍ഗരേഖ പുറത്തിറക്കി മനുഷ്യാവകാശ കമ്മീഷന്‍

May 14, 2021
Google News 1 minute Read
couples lost sons hours

നൂറോളം മൃതദേഹങ്ങള്‍ ഗംഗാനദിയില്‍ ഒഴുകിനടന്ന സംഭവത്തിന്റെ പശ്ചാത്തലത്തില്‍ മാര്‍ഗരേഖ പുറത്തിറക്കി ദേശീയ മനുഷ്യാവകാശ കമ്മീഷന്‍. ബില്ലടച്ചില്ല എന്നതിന്റെ പേരില്‍ ആശുപത്രികള്‍ മൃതദേഹം പിടിച്ചുവയ്ക്കരുതെന്നും യഥാസമയം മാന്യമായ രീതിയില്‍ സംസ്‌ക്കാരം ഉറപ്പാക്കണമെന്നും തുടങ്ങി നിര്‍ദേശങ്ങള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നല്‍കി.

മരിച്ചവരുടെ അന്തസും മൗലികാവകാശങ്ങളും സംരക്ഷിക്കാന്‍ നിയമം നിലവിലില്ലാത്ത സാഹചര്യത്തിലാണ് മാര്‍ഗരേഖ പുറപ്പെടുവിക്കുന്നതെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ വ്യക്തമാക്കി. മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ആശുപത്രികള്‍ ഉടന്‍ ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കണം. ബില്ലടച്ചില്ല എന്നതിന്റെ പേരില്‍ മൃതദേഹം പിടിച്ചുവയ്ക്കരുത്. പോസ്റ്റ്‌മോര്‍ട്ടം വൈകുന്നില്ലെന്ന് പൊലീസ് ഉറപ്പാക്കണം. കൊവിഡ് ബാധിച്ച് മരിച്ചവരുടെ അടക്കം മൃതദേഹങ്ങള്‍ കൂട്ട സംസ്‌ക്കാരം നടത്തരുത്.

Read Also : ഗംഗാനദിയെ മലിനമാക്കിയാൽ തടവും പിഴയും

അജ്ഞാത മൃതദേഹങ്ങള്‍ മാന്യമായ രീതിയില്‍ സംസ്‌ക്കരിക്കാന്‍ ജില്ലാ ഭരണക്കൂടം നടപടിയെടുക്കണം. ആംബുലന്‍സ് ചാര്‍ജിന്റെ പേരില്‍ കൊള്ള അനുവദിക്കരുത്. കൊവിഡ് സാഹചര്യത്തില്‍ താല്‍ക്കാലിക ശ്മശാനങ്ങള്‍ സ്ഥാപിക്കണം. വൈദ്യുതി ശ്മശാനങ്ങള്‍ക്ക് മുന്‍ഗണന നല്‍കണമെന്നും ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശം നല്‍കി. മരിച്ചവരുടെ അന്തസിനെ ഹാനിക്കും വിധം ചിത്രങ്ങളോ ദൃശ്യങ്ങളോ മാധ്യമങ്ങള്‍ സംപ്രേഷണം ചെയ്യരുത്. മരിച്ചവരുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ നിയമനിര്‍മാണം നടത്തണമെന്നും ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ശുപാര്‍ശ ചെയ്തു. കേന്ദ്രസര്‍ക്കാരും സംസ്ഥാനങ്ങളും മാര്‍ഗരേഖ നടപ്പാക്കി നാലാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കൂട്ടിച്ചേര്‍ത്തു.

നേരത്തെ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനും യുപി, ബിഹാര്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്കും മനുഷ്യാവകാശ കമ്മീഷന്‍ നോട്ടിസ് അയച്ചിരുന്നു. സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം നല്‍കിയിരുന്നത്.

കഴിഞ്ഞ ദിവസം സംഭവത്തില്‍ സുപ്രിംകോടതിയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് പൊതുതാത്പര്യ ഹര്‍ജിയും നല്‍കിയിരുന്നു. റിട്ടയേര്‍ഡ് സുപ്രിംകോടതി ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് അഡ്വ. സഞ്ജീവ് മല്‍ഹോത്രയാണ് സുപ്രിംകോടതിയെ സമീപിച്ചത്. ഒഴുകിനടന്നത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങളെന്ന് സംശയിക്കുന്നു. കൃത്യമായ പോസ്റ്റ്മോര്‍ട്ടം നടത്തിയില്ലെന്നും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തില്ലെന്നും ഹര്‍ജിയില്‍ ആരോപിച്ചു.

Story Highlights: human rights commission, ganga river

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here