ഇറക്കുമതി ചെയ്യുന്ന സ്പുട്നിക് വി വാക്സിന് വില 995 രൂപ
റഷ്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന സ്പുട്നിക് വി വാക്സിൻ്റെ ഒരു ഡോസിന് 995.40 രൂപ വിലവരുമെന്ന് റിപ്പോർട്ട്. അഞ്ച് ശതമാനം ജിഎസ്ടി അടക്കമാണ് ഈ വില. ഇന്ത്യയിൽ തന്നെ വാക്സിൻ നിർമിക്കാനായാൽ വില കുറയുമെന്നും റിപ്പോർട്ടുകളിൽ സൂചിപ്പിക്കുണ്ട്. ഡോ. റെഡ്ഡിസ് ലബോറട്ടറീസാണ് ഇന്ത്യയിൽ സ്പുട്നിക് വി വാക്സിൻ്റെ നിർമാതാക്കൾ.
അടുത്ത ആഴ്ച മുതൽ വാക്സിൻ ലഭ്യമായിത്തുടങ്ങിയേക്കും. 91.6 ആണ് സ്പുട്നിക് വിയുടെ എഫിഷ്യൻസി റേറ്റ്. ഇന്ത്യയിൽ ഇതുവരെ കൊവാക്സിനും കൊവിഷീൽഡിനുമാണ് അംഗീകാരം നൽകിയിരിക്കുന്നത്. ഈ രണ്ട് വാക്സിനെക്കാൾ എഫിഷ്യൻസി റേറ്റ് സ്പുട്നിക് വിയ്ക്കുണ്ട്. സെറം ഇൻസ്റ്റിറ്റ്യൂട്ട് ആണ് കൊവിഷീൽഡിൻ്റെ നിർമാതാക്കൾ. കൊവാക്സിൻ നിർമിക്കുന്നത് ഭാരത് ബയോടെക്കാണ്.
ലോകത്തെ ഏറ്റവും മികച്ച എഫിഷ്യൻസി റേറ്റുള്ള മൂന്ന് വാക്സിനുകളിൽ ഒന്നാണ് സ്പുട്നിക് വി വാക്സിൻ. ഫൈസറും മോഡേണയുമാണ് മറ്റ് രണ്ട് വാക്സിനുകൾ. ദ്രവ്യരൂപത്തിലും ചൂർണരൂപത്തിലും സ്പുട്നിക് വാക്സിൻ ലഭ്യമാകും.
അതേസമയം, രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. 24 മണിക്കൂറിൽ 3,43,144 പേർക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. 4000 പേർ മരിച്ചു. സംസ്ഥാനങ്ങളിലെ ലോക്ക്ഡൗണും കൊവിഡ് മാനദണ്ഡങ്ങളും പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണത്തിൽ നേരിയ കുറവ് വരുത്തിയിട്ടുണ്ട് എന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ വിലയിരുത്തൽ.
നാല് ലക്ഷത്തിന് മുകളിലായിരുന്ന കൊവിഡ് കേസുകളിൽ അടുത്ത ദിവസങ്ങളിൽ കുറവ് വന്നിട്ടുണ്ട്. അതേസമയം പ്രതിദിന മരണനിരക്ക് ഉയരുന്നത് ആശങ്കയുയർത്തുന്നു. 3,44,776 പേർക്ക് കഴിഞ്ഞ ദിവസം രോഗമുക്തിയുണ്ടായി. ഏറ്റവും കൂടുതൽ മരണമുണ്ടായത് മഹാരാഷ്ട്രയിലും കർണാടകയിലുമാണ്.
Story Highlights: Sputnik V Imported To Cost 995 rs per Shot
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here