എഫ് എ കപ്പ് ഫൈനല്‍ ഇന്ന്, വെംബ്ലിയില്‍ ലെസ്റ്ററും ചെല്‍സിയും നേര്‍ക്കുനേര്‍

ഇംഗ്ലണ്ടിലെ ഏറ്റവും വലിയ കപ്പ് പോരാട്ടത്തിന്റെ കലാശകൊട്ട് ഇന്നാണ്. വെംബ്ലിയില്‍ നടക്കുന്ന എഫ് എ കപ്പ് ഫൈനലില്‍ ലെസ്റ്റര്‍ സിറ്റിയും ചെല്‍സിയും ആണ് നേര്‍ക്കുനേര്‍ വരുന്നത്. 15000ത്തോളം കാണികള്‍ ഇന്ന് വെംബ്ലിയില്‍ കളി കാണാന്‍ എത്തും.
കൊറോണ വന്ന ശേഷമുള്ള ഇംഗ്ലണ്ടിലെ ഏറ്റവും വലിയ കാണികളാണ് ഇത്. ഇന്ന് തങ്ങളുടെ ആദ്യ എഫ് എ കപ്പ് കിരീടമാണ് ലെസ്റ്റര്‍ ലക്ഷ്യമിടുന്നത്. ഇതിനു മുൻപ് രണ്ട് തവണ എഫ് എ കപ്പ് ഫൈനലില്‍ എത്താന്‍ ലെസ്റ്ററിന് ആയിട്ടുണ്ട് എങ്കിലും ഇതുവരെ കിരീടം നേടാന്‍ ആയിരുന്നില്ല. 2016ല്‍ പ്രീമിയര്‍ ലീഗ് കിരീടം നേടിയതിനു ശേഷം ഒരു കിരീടവും ലെസ്റ്റര്‍ നേടിയിരുന്നില്ല.
ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ തോല്‍പ്പിച്ചാണ് എത്തുന്നത് എന്നത് ലെസ്റ്ററിന് ആത്മവിശ്വാസം നല്‍കും. മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരെ ബെഞ്ചിലായിരുന്ന മാഡിസണ്‍ ഇന്ന് ആദ്യ ഇലവനില്‍ എത്തും. പരിക്ക് മാറി എവാന്‍സും ഇന്ന് ലെസ്റ്റര്‍ ടീമില്‍ എത്താന്‍ സാധ്യതയുണ്ട്. ചെല്‍സി നിരയില്‍ കാന്റെയും കൊവാചിചും തിരികെയെത്തിയിട്ടുണ്ട്. പരിശീലകന്‍ ടൂഹലിന്റെ കീഴിലെ ആദ്യ കിരീടമാണ് ചെല്‍സി ഇന്ന് ലക്ഷ്യമിടുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here