ഓടിക്കൊണ്ടിരുന്ന കാറിൽ മരം വീണു; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

ഓടിക്കൊണ്ടിരുന്ന കാറിനു മുകളിൽ മരം വീണ് യാത്രക്കാരിക്ക് ദാരുണാന്ത്യം. മൂന്നാർ-തേക്കടി സംസ്ഥാന പാതയിലെ പുളിയൻമല അപ്പൻപാടിക്ക് സമീപം വൈകിട്ട് നാലോടെയായിരുന്നു അപകടം. വിദ്യാഭ്യാസ വകുപ്പിലെ റിട്ടയർഡ് ഉദ്യോഗസ്ഥയായ തൊടുപുഴ വെണ്ടാനത്ത് സൂസമ്മ സെബാസ്റ്റ്യനാണ് മരിച്ചത്. 61 വയസായിരുന്നു.
അപകടത്തിൽ രണ്ടു പേർക്ക് പരുക്കേറ്റു. വെണ്ടാനത്ത് പി.ഡി. സെബാസ്റ്റ്യൻ (70), മകൻ അരുൺകുമാർ (33) എന്നിവർക്കാണ് പരുക്കേറ്റത്. അരുണിന്റെ ഭാര്യ ഡോക്ടർ ബ്ലെസിയെ മുണ്ടിയെരുമ പി.എച്ച്.സിയിൽ ഡോക്ടർ ആയി ജോയിൻ ചെയ്യിപ്പിച്ച ശേഷം മാതാപിതാക്കളുമായി തിരികെ തൊടുപുഴയ്ക്ക് മടങ്ങും വഴിയാണ് അപകടമുണ്ടായത്.
ഏലത്തോട്ടത്തിൽ നിന്ന വൻ മരം കടപുഴകി ഇവർ സഞ്ചരിച്ചിരുന്ന കാറിന്റെ മുകളിൽ വീഴുകയായിരുന്നു. അപകട വിവരമറിഞ്ഞ് എത്തിയ നാട്ടുകാരും കട്ടപ്പന, നെടുംകണ്ടം എന്നിവിടങ്ങളിൽ നിന്ന് എത്തിയ ഫയർഫോഴ്‌സും നാട്ടുകാരും ചേർന്നാണ് കാർ വെട്ടിപ്പൊളിച്ച് അപകടത്തിൽ പെട്ടവരെ പുറത്തെടുത്തത്. ഉടൻതന്നെ ഇവരെ കട്ടപ്പനയിലെ സ്വകാര്യആശുപത്രിയിൽ എത്തിച്ചെങ്കിലും സൂസമ്മ മരിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here