വടക്കൻ കേരളത്തിൽ മഴ കുറഞ്ഞു; 11 ജില്ലകളിൽ നാളെ യെല്ലോ അലർട്ട്

ടൗട്ടെ ചുഴലിക്കാറ്റ് കേരളതീരം വിട്ടെങ്കിലും സംസ്ഥാനത്ത് ശക്തമായ കാറ്റും ഇടിമിന്നലോടു കൂടിയ മഴയും രണ്ടു ദിവസം കൂടി തുടരും. അതിതീവ്ര ചുഴലിക്കാറ്റായി മാറിയ ടൗട്ടേ വടക്ക് പടിഞ്ഞാറൻ ദിശയിൽ നീങ്ങി തിങ്കളാഴ്ച വൈകുന്നേരത്തോടെ ഗുജറാത്ത് തീരത്തെത്തുമെന്നും ചൊവ്വാഴ്ച രാവിലെയോടെ ഗുജറാത്തിലെ പോർബന്ദർ, മഹുവ തീരങ്ങൾക്കിടയിലൂടെ കരയിലേക്ക് പ്രവേശിക്കുമെന്നുമാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ നിഗമനം.
ഗുജറാത്ത്, ദിയു തീരങ്ങൾക്ക് ചുഴലിക്കാറ്റ് മുന്നറിയിപ്പ് നൽകി. കേരള തീരത്ത് ചുഴലിക്കാറ്റിന്റെ സ്വാധീനം ചൊവ്വാഴ്ച വരെ തുടരുമെന്നതിനാൽ അതിതീവ്രമോ അതിശക്തമോ ആയ മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കേരള തീരത്ത് കടലിൽ പോകുന്നതിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ചുഴലിക്കാറ്റിന്റെ സ്വാധീനത്താൽ ബുധനാഴ്ച വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗത്തിലുള്ള കാറ്റിനും ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
തിരുവനന്തപുരം, പാലക്കാട്, വയനാട് ഒഴികെയുള്ള ജില്ലകളിൽ ഇന്നും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി, മലപ്പുറം, കാസർഗോഡ് ജില്ലകളിൽ നാളെയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here