അത്‌ലറ്റികോ മാഡ്രിഡിന് ആവേശജയം; ലാലിഗ ഫോട്ടോ ഫിനിഷിലേക്ക്

ഒസാസുനയ്ക്കെതിരെ അത്‌ലറ്റികോ മാഡ്രിഡിൻ്റെ ആവേശജയത്തോടെ ലാലിഗ ഫോട്ടോഫിനിഷിലേക്ക്. ഒരു റൗണ്ട് മത്സരം കൂടി അവശേഷിക്കുമ്പോൾ റയൽ മാഡ്രിഡും അത്‌ലറ്റികോ മാഡ്രിഡും ഒരുപോലെ കിരീടപ്പോരാട്ടത്തിൽ മുന്നിട്ടുനിൽക്കുകയാണ്. 83 പോയിൻ്റുള്ള അത്‌ലറ്റികോ മാഡ്രിഡ് അവസാന മത്സരത്തിൽ വിജയിച്ചാൽ അവർ കിരീടം ഉറപ്പിക്കും. അത്‌ലറ്റികോ മാഡ്രിഡ് പരാജയപ്പെട്ട് റയൽ വിജയിച്ചാൽ 81 പോയിൻ്റുള്ള റയൽ 84 പോയിൻ്റോടെ കിരീടം ചൂടും.
അവസാന 10 മിനിട്ടുകൾക്ക് മുൻപുവരെ ഒരു ഗോളിനു പിന്നിലായിരുന്നു അത്‌ലറ്റികോ മാഡ്രിഡ്. എന്നാൽ 82ആം മിനിട്ടിൽ റെനൻ ലോഡിയും 88ആം മിനിട്ടിൽ ലൂയിസ് സുവാരസും ഹെറേരയെ മറികടന്നതോടെ അത്‌ലറ്റികോ മാഡ്രിഡ് ജയം പിടിച്ചുവാങ്ങുകയായിരുന്നു.
തുടക്കത്തിലെ തകർച്ചക്കു ശേഷം റോണാൾഡ് കോമാൻ്റെ ബാഴ്സലോണ ടൈറ്റിൽ പോരിൽ ചേർന്നെങ്കിലും കഴിഞ്ഞ അഞ്ച് മത്സരങ്ങളിൽ ഒരു കളി മാത്രം വിജയിക്കാൻ കഴിഞ്ഞ കറ്റാലൻസ് ഔദ്യോഗികമായി കിരീടപ്പോരിൽ നിന്ന് പുറത്തായി. കഴിഞ്ഞ കളി സെൽറ്റ വിഗയോട് രണ്ടിനെതിരെ ഒരു ഗോളിനാണ് ബാഴ്സ തോറ്റത്.
ഇതോടെ, ലയണൽ മെസി അവസാനമായി ബാഴ്സ ജഴ്സിയിൽ ഇറങ്ങിയ മത്സരമായിരുന്നു ഇതെന്നും ചില റിപ്പോർട്ടുകൾ പ്രത്യക്ഷപ്പെട്ടു. മെസി ഇതുവരെ ക്ലബുമായി കരാർ പുതുക്കിയിട്ടില്ല. കരാർ പുതുക്കാൻ തയ്യാറായില്ലെങ്കിൽ അദ്ദേഹം മറ്റേതെങ്കിലും ക്ലബിലേക്ക് കൂടുമാറിയേക്കും.
Story Highlights: Atletico Madrid won; La Liga to photo finish
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here