സത്യപ്രതിജ്ഞ സെൻട്രൽ സ്റ്റേഡിയത്തിൽ; പങ്കെടുക്കുക 500 പേർ; ചടങ്ങിൽ കടുത്ത നിയന്ത്രണങ്ങൾ

സംസ്ഥാന സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങ് ഈ മാസം 20ന് സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കും. 500 പേർ ചടങ്ങിൽ പങ്കാളികളാകും. 50,000 പേർക്ക് ഇരിക്കാവുന്ന സ്റ്റേഡിയത്തിൽ 500 പേരെ മാത്രം പങ്കെടുപ്പിക്കുന്നത് വലിയ സംഖ്യ അല്ലെന്ന് മുഖ്യമന്ത്രി വാർത്ത സമ്മേളനത്തിൽ വ്യക്തമാക്കി.
കടുത്ത നിയന്ത്രണങ്ങളോടെയാണ് സത്യപ്രതിജ്ഞ ചടങ്ങ് സംഘടിപ്പിക്കുന്നത്.
എൻട്രി പാസ് ഉള്ളവർക്ക് മാത്രമേ സ്റ്റേഡിയത്തിൽ പ്രവേശനമുണ്ടാകു. 48 മണിക്കൂറിനകം എടുത്ത ആര്ടിപിസിആർ നെഗറ്റിവ് റിസൾട്ടും വേണം. ചടങ്ങിൽ പങ്കെടുക്കന്നവരെല്ലാം ഡബിൾ മാസ്‌ക് ധരിച്ചിരിക്കണം. ചടങ്ങ് കഴിയുന്നത് വരെ ആരും മാസ്‌ക് മാറ്റരുത്. വേദിയിൽ വെള്ളം, ലഘുഭക്ഷണം പോലുള്ളവയൊന്നും വിതരണം ചെയ്യില്ല.
ജനങ്ങളുടെ ആഘോഷ തിമിർപ്പിനിടയിൽ ആണ് സത്യപ്രതിജ്ഞ സാധാരണ ഗതിയിൽ നടക്കേണ്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ കൊവിഡ് പശ്ചാത്തലത്തിൽ ജനമധ്യത്തിൽ സത്യപ്രതിജ്ഞ സാധ്യമല്ല. അതുകൊണ്ട് ലഘുവായ നിലയിൽ സത്യപ്രതിജ്ഞ നടത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.അസാധാരണ സാഹചര്യമാണ് നിലവിൽ ഉള്ളതെന്നും, അസാധാരണ സാഹചര്യത്തിൽ അസാധാരണ നടപടികൾ വേണ്ടി വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതുകൊണ്ട് ആണ് സത്യപ്രതിജ്ഞ ചടങ്ങിൽ ആളുകളുടെ എണ്ണം കുറക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here