Advertisement

‘ഡോ. ഹാരിസ് അര്‍പ്പണബോധമുള്ള ആള്‍; പക്ഷേ, കേരളത്തിന്റെ ആരോഗ്യ മേഖലയെ തെറ്റായി ചിത്രീകരിക്കാന്‍ കാരണമായി’; മുഖ്യമന്ത്രി പിണറായി വിജയന്‍

8 hours ago
Google News 1 minute Read
harris

ഡോ. ഹാരിസ് ഹസന് മുഖ്യമന്ത്രിയുടെ വിമര്‍ശനം. ഹാരിസിന്റെ പ്രതികരണം ഇന്ത്യയിലെ ഏറ്റവും നല്ല ആരോഗ്യ മേഖലയെ തെറ്റായി ചിത്രീകരിക്കുന്നതിന് കാരണമായെന്ന് മുഖ്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരം മെഡിക്കല്‍ കോളജുമായി ബന്ധപ്പെട്ടുവന്ന വാര്‍ത്തയിലെ വ്യക്തി തെറ്റായ ഒരാളാണെന്ന് ആരും പറയുന്നില്ല. പക്ഷേ നല്ല അര്‍പ്പണ ബോധത്തോടെ ജോലി എടുക്കുന്ന, അഴിമതി തീണ്ടാത്ത, ആത്മാര്‍ഥതയോടെ ജോലി എടുക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ്. പക്ഷേ, അത്തരം ഒരാള്‍ ഇന്ന് ഇന്ത്യയിലെ ഏറ്റവും നല്ല ആരോഗ്യ മേഖലയെ തെറ്റായി ചിത്രീകരിക്കുന്നതിന് കാരണമായി. അത് അദ്ദേഹം ഉദ്ദേശിച്ചുണ്ടോ എന്ന് അറിയില്ല. ഇത് നമ്മുടെ മുന്നില്‍ അനുഭവ പാഠമായിരിക്കണം. എല്ലാ കാര്യവും പൂര്‍ണമായിരിക്കും എന്ന് ആര്‍ക്കും പറയാന്‍ കഴിയില്ല. നമ്മുടെ മെഡിക്കല്‍ കോളജുകളില്‍ അതിസങ്കീര്‍ണമായ ശസ്ത്രക്രിയകള്‍ നടക്കുന്നുണ്ട്. ആ ശസ്ത്രക്രിയകള്‍ക്കാവശ്യമായ എല്ലാ കാര്യങ്ങളും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. ആ ശസ്ത്രക്രിയക്ക് വേണ്ട ഉപകരണങ്ങള്‍ ചിലപ്പോള്‍ ചിലത് ഇല്ലാത്ത സ്ഥിതി ഉണ്ടാവാം. അത് എല്ലാ കാലത്തും ഉള്ള നിലയല്ല. വളരെ വേഗം തന്നെ അത്തരം ഉപകരണങ്ങള്‍ വാങ്ങി നല്‍കാറുണ്ട്. അദ്ദേഹം ഉന്നയിച്ച പ്രശ്നത്തില്‍ ഔദ്യോഗിക വിശദീകരണം വന്നിട്ടുണ്ട്. അതിന്റെ ഭാഗമായി ഒരു അതൃപ്തി ഉണ്ടായാല്‍തന്നെ, അത് കേരളത്തെ വലിയ തോതില്‍ താറടിച്ചുകാണിക്കണമെന്ന് ആഗ്രഹിക്കുന്ന ശക്തികള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുംവിധം പുറത്തുവിട്ടാല്‍ അത് നാം നടത്തുന്ന നല്ല പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം തെറ്റായ ചിത്രീകരണത്തിന് ഇടയാക്കും. എല്ലാവരും ശ്രദ്ധിക്കേണ്ട കാര്യമാണിത് – മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, തിരുവനന്തപുരം മെഡിക്കല്‍ കോളേജ് യൂറോളജി വിഭാഗത്തിലെ മാറ്റിവെച്ച ശസ്ത്രക്രിയകള്‍ തുടങ്ങി. പ്രതിസന്ധിക്ക് പരിഹാരമായത് ഹൈദരാബാദില്‍ നിന്ന് വിമാനത്തില്‍ ഉപകരണങ്ങള്‍ എത്തിച്ചതോടെയാണ്. വിവാദത്തിിന്റെ പശ്ചാത്തലത്തില്‍ സൂപ്രണ്ടിനെ മാറ്റിയേക്കുമെന്നും വിവരമുണ്ട്. ഹൈദരാബാദില്‍ നിന്ന് വിമാന മാര്‍ഗം ഇന്ന് രാവിലെ ശസ്ത്രക്രിയ ഉപകരണങ്ങള്‍ എത്തിച്ചു.ലത്തോക്ലാസ്റ്റ് പ്രോബ് ഉപകരണങ്ങളാണ് ശരവേഗത്തില്‍ ആശുപത്രിയില്‍ എത്തിയത്.

Story Highlights : CM Pinarayi Vijayan about Dr Haris Chirakkal 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here