മന്ത്രിമാരെ തീരുമാനിക്കാനുള്ള പാര്‍ട്ടി യോഗങ്ങള്‍ക്ക് തുടക്കമാകും

എല്‍ഡിഎഫ് ഔദ്യോഗികമായി മന്ത്രിസ്ഥാന വിഭജനം പൂര്‍ത്തിയാക്കുന്നതോടെ മന്ത്രിമാരെ തീരുമാനിക്കാനുള്ള പാര്‍ട്ടി യോഗങ്ങള്‍ക്ക് തിരുവനന്തപുരത്ത് തുടക്കമാകും. മുന്‍മന്ത്രി ഇ ചന്ദ്രശേഖരനെ വീണ്ടും പരിഗണിക്കേണ്ടതില്ലെന്ന് സിപിഐയില്‍ ധാരണയായി. പുതുമുഖങ്ങള്‍ക്ക് മുന്‍തൂക്കമുള്ളതായിരിക്കും സിപിഐഎമ്മിന്റെ പട്ടിക.
മാത്യു ടി.തോമസോ, കെ.കൃഷ്ണന്‍കുട്ടിയോ എന്നതായിരിക്കും ജനതാദള്‍ എസ് സംസ്ഥാന നേതൃയോഗത്തിന്റെ പ്രധാന ചര്‍ച്ചാവിഷയം. രണ്ടുപേര്‍ക്കും ടേം വ്യവസ്ഥയായിരിക്കും ഇക്കുറിയും. എന്‍സിപിയില്‍ എ.കെ.ശശീന്ദ്രനും തോമസ് കെ.തോമസിനും സമാനമായ രീതിയില്‍ അവസരം നല്‍കാനായിരിക്കും തീരുമാനിക്കുക. ഒരുതവണ മന്ത്രിയായവരെ പരിഗണിക്കേണ്ടതില്ലെന്ന നിബന്ധന കര്‍ശനമായി നടപ്പാക്കുന്നതോടെയാണ് സിപിഐയില്‍ ഇ.ചന്ദ്രശേഖന് അവസരം നഷ്ടപ്പെടുക. പി.പ്രസാദും കെ.രാജനും മന്ത്രിമാരാകും. ഇ.കെ.വിജയനും സാധ്യത കല്‍പിക്കപ്പെടുന്നു. കൊല്ലത്ത് നിന്നു ജെ.ചിഞ്ചുറാണിയോ പി.എസ്.സുപാലോ എന്നതില്‍ ആശയക്കുഴപ്പം തുടരുകയാണ്. നാളെ സംസ്ഥാന നിര്‍വാഹകസമിതിയിലായിരിക്കും അന്തിമതീരുമാനം.
നിലവിലെ മന്ത്രിസഭയില്‍ നിന്നും മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി കെ.കെ.ശൈലജയും ഒഴിച്ചുള്ളവരെ മാറ്റിനിര്‍ത്താനാണ് സിപിഐഎമ്മിലെ പ്രാഥമിക ധാരണ. ഇരുവര്‍ക്കും പുറമെ എം.വി.ഗോവിന്ദന്‍, കെ.രാധാകൃഷ്ണന്‍, പി.രാജീവ്, കെ.എന്‍.ബാലഗോപാല്‍ എന്നിവര്‍ മന്ത്രിമാരാകും. എം.എം.മണിയേയും ടി.പി.രാമകൃഷ്ണനേയും പരിഗണിക്കേണ്ടതില്ലെന്നാണ് തീരുമാനം. മറിച്ചായാല്‍ ഒരാളെ മാത്രമായി മാറ്റിനിര്‍ത്തില്ല. മുന്‍മന്ത്രിമാരില്‍ എ.സി.മൊയ്തീന് അവസരം നല്‍കണമെന്ന ആവശ്യം ഉയരുന്നുണ്ടെങ്കിലും അന്തിമ തീരുമാനം മുഖ്യമന്ത്രിയുടേതായിരിക്കും. വി.ശിവന്‍കുട്ടി, വീണാ ജോര്‍ജ്, സജി ചെറിയാന്‍, പി.പി.ചിത്തരഞ്ജന്‍, എം.ബി.രാജേഷ്, കാനത്തില്‍ ജമീല, പി.നന്ദകുമാര്‍, വി. അബ്ദുറഹിമാന്‍, മുഹമ്മദ് റിയാസ്, വി.എന്‍.വാസവന്‍ തുടങ്ങിയവരുടെ പേരുകളും സജീവം. സ്പീക്കറായി വീണാ ജോര്‍ജിന്റേയും കെ.ടി.ജലീലിന്റേയും പേരുകളാണ് ഉയര്‍ന്നുകേള്‍ക്കുന്നത്.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here