Advertisement

പ്രതിപക്ഷ നേതാവിനെ നിശ്ചയിക്കുന്നതിനുള്ള യോഗം നാളെ

May 17, 2021
Google News 2 minutes Read
meeting decide Leader opposition

പ്രതിപക്ഷ നേതാവിനെ നിശ്ചയിക്കുന്നതിന് കോൺഗ്രസ് നിയമസഭാകക്ഷി നേതൃയോഗം നാളെ തിരുവനന്തപുരത്ത് ചേരും. ഹൈക്കമാൻഡ് നിരീക്ഷകരുടെ സാന്നിധ്യത്തിലാകും യോഗം. രമേശ് ചെന്നിത്തലയുടേയും വിഡി സതീശൻറെയും പേരുകൾ സജീവ ചർച്ചയിലുണ്ടെങ്കിലും ചെന്നിത്തല തുടരുന്നതിനോട് എ ഗ്രൂപ്പ് കടുത്ത വിയോജിപ്പ് പ്രകടിപ്പിക്കില്ലെന്നാണ് സൂചന. പ്രതിപക്ഷ നേതാവ് ആരെന്നതിൽ ഹൈക്കമാൻഡ് ആകും അന്തിമ തീരുമാനം കൈക്കൊളളുക

കേന്ദ്രനേതൃ പദവികൾ നൽകി രമേശ് ചെന്നിത്തലയെ ഡൽഹിയിലേക്ക് മാറ്റാൻ ആലോചനകൾ ശക്തമാണെങ്കിലും പ്രതിപക്ഷ നേതൃസ്ഥാനത്ത് തുടരാനുളള നീക്കത്തിലാണ് അദ്ദേഹം. എന്നാൽ സ്വന്തം ഗ്രൂപ്പിനുളളിൽ തന്നെ വിഡി സതീശനായി ചരടുവലികൾ ശക്തവുമാണ്. ഗ്രൂപ്പ് വ്യത്യാസമില്ലാതെ തലമുറമാറ്റം വേണമെന്ന് ആവശ്യപ്പെടുന്നവരും വിഡി സതീശൻറെ പേരാണ് ഉയർത്തിക്കാട്ടുന്നത്. പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് തിരുവഞ്ചൂർ രാധാകൃഷ്ണൻറെ പേര് മുന്നോട്ട് വെയ്ക്കുന്നുണ്ടെങ്കിലും പദവിക്കായി എ ഗ്രൂപ്പ് നിർബന്ധം പിടിക്കില്ലെന്നാണ് സൂചന. അതുകൊണ്ടു തന്നെ പാർലമെൻററി പാർട്ടിയിൽ കാര്യങ്ങൾ അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് രമേശ് ചെന്നിത്തല.

നാളെ 11 മണിക്ക് കെപിസിസി ആസ്ഥാനത്താണ് നിയമസഭാകക്ഷി നേതൃയോഗം ചേരുന്നത്. യോഗത്തിൽ പങ്കെടുക്കുന്ന ഹൈക്കമാൻഡ് നിരീക്ഷകരായ മല്ലികാർജുൻ ഖാർഗെയും വൈദ്യലിംഗവും എംഎൽഎമാരുമായി ഒറ്റക്കൊറ്റക്കും ചർച്ച നടത്തും. ചെന്നിത്തല നേതൃസ്ഥാനത്ത് തുടരുമോ അതോ മാറ്റമുണ്ടാകുമോയെന്നതിൽ എംഎൽഎമാരുടെ നിലപാടാകും നിർണായകമാവുക. രാഷ്ട്രീയകാര്യ സമിതി അംഗങ്ങളുമായും ഘടകകക്ഷികളുമായും കേന്ദ്രസംഘം ആശയവിനിമയം നടത്തും. ശേഷം കേരളത്തിൽ നിന്നുളള അഭിപ്രായങ്ങൾ‌ ക്രോഡീകരിച്ച് കേന്ദ്രനേതൃത്വത്തിന് സമർപ്പിക്കും. ഇതിൻറെ അടിസ്ഥാനത്തിൽ ഹൈക്കമാൻഡ് ആകും അന്തിമതീരുമാനം എടുക്കുക.

Story Highlights: meeting to decide the Leader of the opposition is tomorrow

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here