രണ്ടാം പിണറായി സർക്കാറിൽ രണ്ട് മുൻ മേയർമാർ മന്ത്രി പദത്തിൽ

രണ്ടാം പിണറായി സർക്കാർ സത്യപ്രതിജ്ഞ ചൊല്ലി അധികാരത്തിൽ എത്താൻ ഇനി മണിക്കൂറുകൾ മാത്രം. പുതുമുഖങ്ങളെ അണിനിരത്തി ക്യാപ്റ്റനും ടീമും രണ്ടാം ഇന്നിങ്‌സിനെത്തുമ്പോൾ സവിശേഷതകൾ ഏറെ. അക്കൂട്ടത്തിൽ ഒന്നാണ് രണ്ട് മുൻ മേയർമാർ മന്ത്രി പദത്തിൽ എത്തുന്നു എന്നത്. ബിജെപിയുടെ ഏക അക്കൗണ്ട് പൂട്ടി നേമത്ത് അട്ടിമറി വിജയം സ്വന്തമാക്കിയ വി ശിവൻകുട്ടിയും, ഇരിഞ്ഞാലക്കുടയിൽ കന്നി അങ്കത്തിൽ തന്നെ ജയിച്ചു കയറിയ ആർ ബിന്ദുവുമാണ് 21 അംഗ മന്ത്രിസഭയിൽ എത്തുന്നത്.
ഉള്ളൂർ പഞ്ചായത്ത് പ്രസിഡന്റ് മുതൽ തിരുവനന്തപുരം നഗരസഭാ മേയർ വരെ വി ശിവൻകുട്ടി വഹിച്ചത് നിരവധി പദവികൾ. 2006ൽ തിരുവനന്തപുരം ഈസ്റ്റിൽ നിന്നും ആദ്യം നിയമസഭയിലേക്ക്. പിന്നെ നേമത്ത് നിന്നും 2011ലും ജയം. നിയമസഭയിലെ കൈയാങ്കളിയും 2016ലെ തോൽവിയും മറികടന്നാണ് ശിവൻകുട്ടിയുടെ മന്ത്രിപദത്തിലേക്കുള്ള യാത്ര. കരുത്തരായ കുമ്മനം രാജശേഖരൻ, കെ. മുരളീധരൻ എന്നിവരെ 3949 വോട്ടിന് പിന്തള്ളിയാണ് നേമത്ത് ശിവൻകുട്ടി വിജയിച്ചത്.
2005 ലാണ് തൃശൂർ കോർപറേഷനിൽ പ്രഥമ വനിതാ മേയറായി ആർ ബിന്ദു എത്തിയത്. മാനസിക-ശാരീരിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്കുള്ള സഹായവിതരണം. പുനരധിവാസപദ്ധതികൾ, മാലിന്യനിർമാർജന പദ്ധതി തുടങ്ങി നഗരത്തിൽ മാതൃകാപരമായ വികസന നേട്ടങ്ങൾ. തോമസ് ജെ ഉണ്ണിയാടൻ, ജേക്കബ് തോമസ് എന്നിവരെ 5949 വോട്ടിന് പരാജയപ്പെടുത്തിയാണ് ബിന്ദുവിന്റെ വരവ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here