ഇന്ത്യൻ ക്രിക്കറ്റ് താരം പ്രിയ പുനിയയുടെ മാതാവ് കൊവിഡ് ബാധിച്ച് മരിച്ചു

ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം പ്രിയ പുനിയയുടെ മാതാവ് കൊവിഡ് ബാധിച്ച് മരിച്ചു. പ്രിയ തന്നെയാണ് തൻ്റെ ഇൻസ്റ്റഗ്രാം ഹാൻഡിലിലൂടെ ഈ വിവരം അറിയിച്ചത്. ഇന്ത്യൻ വനിതാ ടീമിലെ മറ്റൊരു താരമായ വേദ കൃഷ്ണമൂർത്തിയുടെ മാതാവും സഹോദരിയും കൊവിഡ് ബാധിച്ച് മരണപ്പെട്ടിരുന്നു.
“എപ്പോഴും കരുത്തയായിരിക്കാൻ എന്നോട് പറഞ്ഞതെന്തിനെന്ന് എനിക്കിപ്പോൾ മനസ്സിലാവുന്നു. ഒരിക്കൽ അമ്മയെ നഷ്ടപ്പെടുമ്പോഴുള്ള വേദന ഞാൻ സഹിക്കേണ്ടിവരുമെന്ന് അമ്മയ്ക്കറിയാമായിരുന്നു. അമ്മയെ ഞാൻ മിസ് ചെയ്യുന്നുണ്ട്. എത്ര ദൂരത്താണെങ്കിലും അമ്മ എപ്പോഴും എനിക്കൊപ്പം ഉണ്ടെന്നറിയാം. ചില സത്യങ്ങൾ ഉൾക്കൊള്ളാൻ ബുദ്ധിമുട്ടാണ്. അമ്മയുമായുള്ള ഓർമ്മകൾ ഒരിക്കലും ഞാൻ മറക്കില്ല. ദയവ് ചെയ്ത് മുൻകരുതലുകൾ എടുക്കണം, വൈറസ് അപകടകാരിയാണ്. മാസ്ക് ധരിക്കണം, സാമൂഹിക അകലം പാലിക്കണം.”- പ്രിയ പുനിയ കുറിച്ചു.
രണ്ടാഴ്ചക്കുള്ളിലാണ് വേദ കൃഷ്ണമൂർത്തിക്ക് അമ്മയെയും സഹോദരിയെയും നഷ്ടമായത്. വേദയുട അമ്മ ചെലുവംബ ദേവി കൊവിഡിനു കീഴടങ്ങിയ അതേ ദിവസമാണ് കൊവിഡിനു പിന്നാലെ ന്യൂമോണിയയും സ്ഥിരീകരിച്ചതിനെ തുടർന്ന് സഹോദരി വത്സല ശിവകുമാറിനെ വെൻ്റിലേറ്ററിലേക്ക് മാറ്റിയത്. അമ്മ മരിച്ചു എന്നും സഹോദരി കൊവിഡ് ബാധിതയാണെന്നും വേദ തന്നെ അന്ന് തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെ അറിയിച്ചിരുന്നു.
വേദയുടെ പിതാവും സഹോദരനും മറ്റൊരു സഹോദരിയും കൊവിഡ് ലക്ഷണങ്ങൾ കാണിക്കുകയും കൊവിഡ് ബാധിതരാവുകയും ചെയ്തിരുന്നു. ഇവർ പിന്നീട് കൊവിഡ് നെഗറ്റീവായി.
Story Highlights: Priya Punia loses her mother to COVID
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here