ലോക യുവജന നൈപുണ്യ ദിനത്തില്‍ നിര്‍മ്മിത ബുദ്ധിയില്‍ അര ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ പരിശീലനവുമായി അസാപ് കേരള

ലോക യുവജന നൈപുണ്യ ദിനത്തോടനുബന്ധിച്ച് സംസ്ഥാനത്തെ 50000ത്തോളം കോളജ് വിദ്യാര്‍ത്ഥികള്‍ക്ക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യയില്‍ സൗജന്യ പരിശീലനം നല്‍കുന്ന പദ്ധതിയുമായി അസാപ് കേരള.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡിജിറ്റല്‍ സ്‌കില്‍സ് തുടങ്ങിയവയുടെ സാധ്യതകളിലൂടെ യുവാക്കളെ ശാക്തീകരിക്കുക എന്ന ഈ വര്‍ഷത്തെ ലോക യുവജന നൈപുണ്യ ദിന പ്രമേയത്തെ അടിസ്ഥാനമാക്കിയാണ് അസാപ് കേരള പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്.
ഓരോ കോളജില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ഒരു വിദ്യാര്‍ത്ഥിക്ക് പരിശീലനം നല്‍കി അവരെ സ്‌കില്‍ ചാമ്പ്യന്മാരായി പ്രഖ്യാപിക്കുകയും അവരിലൂടെ കോളജിലുള്ള മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും പരിശീലനം നല്‍കുകയും ചെയ്യുന്ന തരത്തില്‍ ആണ് പരിപാടി സംഘടിപ്പിക്കുന്നത്. ഇത്തരത്തില്‍ ഒരേസമയം പരിശീലനം നേടാനും പരിശീലകനാകാനുള്ള ആദ്യ അവസരവും വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കും.
അതോടൊപ്പം അമേരിക്ക ആസ്ഥാനമായി ലാഭേച്ഛയില്ലാത്ത പ്രവര്‍ത്തിക്കുന്ന സാങ്കേതിക തൊഴില്‍ വിദഗ്ദ്ധരുടെ അന്താരാഷ്ട്ര സംഘടനയായ IEEE യുമായി ചേര്‍ന്ന് (ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇലെക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എഞ്ചിനിയേര്‍സ്) വിദ്യാര്‍ത്ഥികള്‍ക്കായി ഒരു AR/VR ഓണ്‍ലൈന്‍ വര്‍ക്ഷോപ്പും നടത്തുന്നു.
വര്‍ഷങ്ങളായി ഡിജിറ്റല്‍ നൈപുണ്യം, നിര്‍മിത ബുദ്ധി,(AI), ക്ലൗഡ് കമ്പ്യൂട്ടിങ്, ഡാറ്റാ സയന്‍സ്, സൈബര്‍ സെക്യൂരിറ്റി, മെഷീന്‍ ലേണിങ് തുടങ്ങിയവയില്‍ വൈവിധ്യമാര്‍ന്ന കോഴ്സുകള്‍ വിജയകരമായി നടത്തിവരുന്ന അസാപ് കേരള കൂടുതല്‍ വിദ്യാര്‍ത്ഥികളിലേക്ക് നിര്‍മ്മിത ബുദ്ധിയുടെ സാധ്യതകള്‍ ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യത്തിന്റെ ആദ്യഘട്ടമായാണ് 50000 വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ പരിശീലനം നല്‍കിയത്.
Story Highlights : ASAP Kerala provides free training to half a lakh students in Artificial Intelligence
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here