ഒന്ന് ഉറങ്ങി എണീക്കുമ്പോഴേക്കും പിരിച്ചുവിടല്‍ മെയില്‍; എഐ പണി തുടങ്ങി; കമ്പനികളില്‍ എന്തൊക്കെയാണീ നടക്കുന്നത്? എങ്ങനെ പിടിച്ചുനില്‍ക്കും?

തികച്ചും അപ്രതീക്ഷിതമായിട്ടായിരിക്കും ചിലപ്പോള്‍ നിങ്ങളേയും തേടി കമ്പനിയില്‍ നിന്ന് ആ ഇ-മെയില്‍ വരിക. നിങ്ങളെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടിരിക്കുന്നു. പറഞ്ഞിരിക്കുന്ന തീയതിയില്‍ പിരിഞ്ഞുപൊക്കോളണം. മൂന്ന് മാസത്തെ ശമ്പളം തരും. കമ്പനികളുടെ കൂട്ടപ്പിരിച്ചുവിടല്‍ വാര്‍ത്തകള്‍ വായിക്കും പോലെയല്ല, നേരിട്ട് അനുഭവിക്കുമ്പോഴാകും ആ അവസ്ഥയുടെ ഭീകരത മനസിലാകുക. ആവശ്യത്തില്‍ കൂടുതല്‍ പ്രാരാബ്ധങ്ങള്‍ നമ്മള്‍ വലിച്ചുതലയിലിടുന്നത് പ്രതിമാസം കിട്ടുന്ന ശമ്പളമോര്‍ത്താണ്. പലര്‍ക്കും ജോലി ചെയ്യാനുള്ള പ്രചോദനം തന്നെ ഈ ഇ എം ഐയും ക്രെഡിറ്റ് കാര്‍ഡുമൊക്കെ ആണെന്ന് പറയാറുണ്ട്. ഴിഞ്ഞയാഴ്ചയാണ് ടി സി എസ് 12,000 പേരെ പിരിച്ചുവിട്ടത്. ഈ 12,000 പേരെ ആശ്രയിച്ചു കഴിയുന്ന അവരുടെ വരുമാനം കിട്ടിയിട്ട് മരുന്നും ഫീസുമൊക്കെ അടക്കാനിരിക്കുന്ന എത്രയോ ആയിരങ്ങളുടെ മുഖങ്ങളിലാകും ചിരി മങ്ങിയിരിക്കുന്നത്. (Is AI behind IT company layoffs?)
എവിടെയാണ് പ്രശ്‌നം?
ഒരു പിജിയോ ഡിഗ്രിയോ അല്ലെങ്കില്‍ എപ്പോഴെങ്കിലും നേടിയ പ്രൊഫഷണല്‍ ഡിഗ്രിയോ വെച്ച് നേടുന്ന ജോലി ശാശ്വതമല്ലെന്ന തോന്നലാണ് ഇത് വ്യക്തമാക്കുന്നത്. ജോലി കിട്ടിയാല്‍ പിന്നെ പുസ്തകം കാണുന്നത് പോലും അലര്‍ജിയുള്ളവരുണ്ട്. പിന്നെന്തെങ്കിലും പഠിച്ചാല്‍ പാപം പോലെ കരുതുന്നവര്‍ ജാഗ്രതൈ. നാടോടുമ്പോള്‍ നടുവെ ഓടാനും ഓടുന്ന നായക്ക് ഒരു മുഴം മുമ്പേ എറിയാനുമുള്ള സ്‌കില്‍ നേടിയില്ലെങ്കില്‍ പണി എപ്പോ പോയെന്ന് ചോദിച്ചാ മതി. എഐ വരുന്നെന്ന് പറഞ്ഞപ്പോ പുച്ഛിച്ചവരൊക്കെ മാറി ചിന്തിക്കേണ്ടിയിരിക്കുന്നു. കംപ്യൂട്ടര്‍ വരുമ്പോള്‍ ജോലി പോകും ഇന്റര്‍നെറ്റ് വരുമ്പോള്‍ ജോലി പോകും എന്നൊക്കെ പറഞ്ഞതുപോലല്ലേ ഇതെന്ന വിചാരം മാറ്റാന്‍ സമയം അതിക്രമിച്ചെന്നാണ് കണക്കുകള്‍ കാണിക്കുന്നത്.
Read Also: KPCC പുനഃ സംഘടന വെെകും; ഡിസിസി അധ്യക്ഷന്മാരെ നിശ്ചയിക്കുന്നതിൽ പ്രതിസന്ധി
എന്ത് ചെയ്യണം?
അപ് സ്‌കില്ലിങ് ഉള്ളവര്‍ക്കേ ഈ കൂട്ടപ്പിരിച്ചുവിടലിനെ അതിജീവിക്കാനാകൂ. നിങ്ങളുടെ തൊഴില്‍ മേഖലയില്‍ ഏറ്റവും നവീനമായ സാങ്കേതിക വിദ്യയുടെ ഉപയോഗം പഠിക്കണം. വൈകുന്നേരം പണിയൊക്കെ കഴിച്ച് എന്നാ കുറച്ച് എന്‍ജോയ് ചെയ്യാം എന്നു പറഞ്ഞ് കള്ളും കൂട്ടവുമായൊക്കെ നടന്നാല്‍ പണി പോകും. പണ്ട് പഠിച്ച കാലത്തെ പോലെ ഉള്ള സമയം നല്ല വൃത്തിയായി നൈപുണ്യ വികസനത്തിനുപയോഗിക്കണം. അതിനാദ്യം തൊഴില്‍ മേഖലയില്‍ വരുന്ന മാറ്റങ്ങള്‍ മനസിലാക്കണം. അതറിയണമെങ്കില്‍ കാര്യമായി സ്വയം അപ്‌ഡേറ്റ് ചെയ്യണം. അല്ലെങ്കില്‍ നിങ്ങള്‍ എന്നന്നേക്കുമായി ഔട്ടാകുംം. ബില്‍ ഗേറ്റ്‌സ് പറഞ്ഞത് ആരോഗ്യ മേഖലയിലും കിടിലം ക്രിയേറ്റിവിറ്റി ആവശ്യമുള്ള ചുരുക്കം ചില മേഖലകളിലുമൊഴികെ എല്ലാടത്തും എഐ നുഴഞ്ഞു കയറുമെന്നാണ്. ജാഗ്രത വേണം.
കമ്പനികള്‍ എന്താണ് കരുതുന്നത്?
100 പേര് ചെയ്യണ്ട പണി ഒരൊറ്റ എഐ സോഫ്‌റ്റ്വെയര്‍ മണിമണി പോലെ ചെയ്യുമെങ്കില്‍ 100 പേര്‍ക്ക് ശമ്പളവും കൊടുത്ത് വമ്പന്‍ കെട്ടിടങ്ങളും വൈദ്യുതിയും ക്യാന്റീനും ക്യാബും എല്ലാമൊരുക്കി കാശ് കളയേണ്ടെന്നാണ് കമ്പനികള്‍ കരുതുന്നത്. ഒരു ഓഫിസില്‍ പല സ്വഭാവമുള്ളവരെ കഷ്ടപ്പെട്ട് മാനേജ് ചെയ്ത് കൊണ്ടുപോകുന്ന തലവേദനയുമില്ല.
എന്താണ് ഐ ടി കമ്പനികളുടെ തീരുമാനം?
പുനര്‍ വിന്യസിക്കാനാകാത്ത മിഡില്‍-സീനിയര്‍ ലെവല്‍ ജീവനക്കാരെ പിരിച്ചുവിടും
നവീന സാങ്കേതികവിദ്യകള്‍ക്ക് പ്രാമുഖ്യം നല്‍കി നേട്ടമുണ്ടാക്കും
കമ്പനിക്കാവശ്യമുള്ള നൈപുണ്യമുള്ളവരെ മാത്രം നില നിര്‍ത്തും
എ ഐ ഉപയോഗം വര്‍ധിപ്പിക്കും
ഇത് ഐടി കമ്പനികളെ മാത്രം ബാധിക്കുന്ന ഒരു രോഗമൊന്നുമല്ല. താമസിയാതെ എല്ലായിടത്തേക്കും ഒരു പകര്‍ച്ച വ്യാധിപോലെ ഇത് പടരുമെന്ന് വിദഗ്ധര്‍ പറയുന്നു. ഉള്ള സമയം കൊണ്ട് നമ്മുടെ കഴിവുകളും അറിവുകളും മൂര്‍ച്ച കൂട്ടി ഉപയോഗിക്കുകയെന്നത് മാത്രമാണ് പരിഹാരം. കൂട്ടപ്പിരിച്ചുവിടലിനായി നിര്‍ദേശം വരുമ്പോള്‍ എച്ച് ആര്‍ വിഭാഗം ആരെയാദ്യം പറഞ്ഞുവിടുമെന്ന് ചിന്തിക്കുമ്പോള്‍ ഔട്ട് ഡേറ്റഡായിട്ടുള്ളവര്‍ ആദ്യം ഔട്ടാകും. പ്രായമോ പരിചയമോ ഒന്നും അതിനെ ബാധിക്കില്ല.
Story Highlights : Is AI behind IT company layoffs?
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here