തെഹൽക മുൻ എഡിറ്റർ തരുൺ തേജ്പാലിനെതിരായ ലൈംഗിക പീഡനക്കേസ്; കോടതി ഇന്ന് വിധി പറഞ്ഞേക്കും

തെഹൽക മുൻ എഡിറ്റർ തരുൺ തേജ്പാലിനെതിരെയുള്ള ലൈംഗിക പീഡനക്കേസിൽ ഗോവയിലെ വിചാരണക്കോടതി ഇന്ന് വിധി പറഞ്ഞേക്കും. കഴിഞ്ഞ രണ്ട് തവണയും വിധി പറയാനായി കേസ് പരിഗണിച്ചെങ്കിലും വിധിപകർപ്പ് തയാറാകാത്തതിനാൽ മാറ്റിവയ്ക്കുകയായിരുന്നു. കൊവിഡ് സാഹചര്യത്തിൽ ജീവനക്കാരുടെ കുറവെന്നാണ് മപുസ സെഷൻസ് കോടതി അറിയിച്ചത്.
2013 നവംബറിൽ ഗോവയിലെ പഞ്ചനക്ഷത്ര ഹോട്ടലിലെ ലിഫ്റ്റിൽ സഹപ്രവർത്തകയെ പീഡിപ്പിച്ചുവെന്നാണ് തരുൺ തേജ്പാലിനെതിരെയുള്ള കേസ്. 2014 ഫെബ്രുവരിയിൽ 2846 പേജുള്ള കുറ്റപത്രം ഗോവ ക്രൈം ബ്രാഞ്ച് സമർപ്പിച്ചു. കുറ്റവിമുക്‌തനാക്കണമെന്ന തരുൺ തേജ്പാലിന്റെ ആവശ്യം സുപ്രിംകോടതി നേരത്തെ തള്ളിയിരുന്നു. സിസിടിവി ദൃശ്യങ്ങൾ അടക്കം ചൂണ്ടിക്കാട്ടി നിരപരാധിയാണെന്ന് തരുൺ തേജ്‌പാൽ വാദിച്ചെങ്കിലും സുപ്രിംകോടതി കടുത്ത നിലപാട് സ്വീകരിച്ചു. ഗുരുതരമായ ആരോപണമാണ് ഉന്നയിച്ചിരിക്കുന്നത്. ഇരയുടെ സ്വകാര്യതയ്ക്ക് നേരെയുള്ള അതിക്രമമാണ് കുറ്റം. സദാചാരത്തിന് വിരുദ്ധമായ പെരുമാറ്റമാണ് തരുൺ തേജ്പാലിൽ ആരോപിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ കേസിൽ നിന്ന് കുറ്റവിമുക്‌തനാക്കാൻ കഴിയില്ലെന്ന് ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച് വ്യക്‌തമാക്കിയിരുന്നു.
Story Highlights: Verdict in rape case against Tarun Tejpal expected today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here