Advertisement

മഴയില്‍ വിവിധ ജില്ലകളില്‍ വ്യാപക കൃഷി നാശം

May 19, 2021
Google News 1 minute Read

കേരളത്തില്‍ അപ്രതീക്ഷിതമായി പെയ്ത മഴയില്‍ വിവിധ ജില്ലകളില്‍ കൃഷി നശിച്ചു. മൂവാറ്റുപുഴയില്‍ കൃഷി നാശം ഉണ്ടായി. വിളവെടുപ്പിന് പാകമായ മൂവാറ്റുപുഴ മുടവൂരിലെ 40 ഏക്കര്‍ പാടത്തെ നെല്‍ കതിരുകളാണ് വെള്ളം കയറി നശിച്ചത്. ലക്ഷക്കണിക്കിന് രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. 25 വര്‍ഷമായി തരിശായി കിടന്ന 40 ഏക്കര്‍ പാടത്താണ് സുവര്‍ണ ഹരിത സേനയുടെ കീഴില്‍ വീണ്ടും നെല്‍ കൃഷി ആരംഭിച്ചത്. കൃഷി മന്ത്രിയായിരുന്ന വി എസ് സുനില്‍ കുമാര്‍ എത്തിയാണ് ഞാറ് നടല്‍ ഉദ്ഘാടനം ചെയ്തത്. കൂട്ടായ പരിശ്രമത്തിനൊടുവില്‍ പ്രതീക്ഷിച്ച പോലെ തന്നെ നല്ല വിളവും ലഭിച്ചു. എന്നാല്‍ കൊവിഡ് മഹാമാരിയെ തുടര്‍ന്ന് കൊയ്ത്തുകാരെ ലഭിക്കാതിരുന്നതിനാല്‍ കൊയ്ത്ത് വൈകി. കൊയ്ത്ത് പൂര്‍ത്തിയാകും മുന്‍പ് കാലം തെറ്റി വന്ന മഴ എത്തിയതോടെ കര്‍ഷകരുടെ എല്ലാ സ്വപ്നങ്ങളും വെള്ളത്തിലായി.

രണ്ട് ഏക്കറോളം സ്ഥലത്തെ നെല്ല് കൊയ്‌തെടുത്തിരുന്നെങ്കിലും അതും ഉണങ്ങാന്‍ സംവിധാനമില്ലാതെ നശിക്കുകയാണ്. കൊവിഡ് മഹാമാരിയിലും കാലവര്‍ഷക്കെടുതിയിലും ലക്ഷങ്ങള്‍ നഷ്ടപ്പെട്ടെങ്കിലും കൃഷി ഉപേക്ഷിക്കാന്‍ ഈ കൂട്ടായ്മ തയ്യാറല്ല. മഴ മാറുന്ന മുറയ്ക്ക് വീണ്ടും രണ്ടാം ഘട്ട കൃഷിയിറക്കാനുള്ള തയാറെടുപ്പിലാണ് സുവര്‍ണ ഹരിതസേന.

കഴിഞ്ഞ ദിവസം ഉണ്ടായ കാറ്റിലും മഴയിലും ഇടുക്കി ജില്ലയിലും ഉണ്ടായത് വ്യാപക കൃഷി നാശമാണ്. ലോക്ക് ഡൗണ്‍ എത്തിയതോടെ വറുതിയിലായ കര്‍ഷകര്‍ക്ക് ഇടിത്തീയായാണ് കാറ്റും മഴയും എത്തിയത്. ഇടുക്കിയില്‍ മാത്രം 300 ഹെക്ടര്‍ കൃഷി നാശം ഉണ്ടായതായാണ് പ്രാഥമിക കണക്കുകള്‍. കഴിഞ്ഞ ദിവസങ്ങളില്‍ ആര്‍ത്തലച്ച് പെയ്ത മഴയിലും കൊടുങ്കാറ്റിലും ഏലത്തോട്ടങ്ങള്‍ നശിച്ചു. പലിശക്കെടുത്തും കൈവായ്പ വാങ്ങിയും ഒക്കെയാണ് കര്‍ഷകര്‍ കൃഷി ചെയ്തിരുന്നത്. തുടര്‍ച്ചയായ രണ്ടു പ്രളയങ്ങളും തകര്‍ത്ത കൃഷി, മെല്ലെ തളിര്‍ത്തു തുടങ്ങിയപ്പോഴാണ് കഴിഞ്ഞ ദിവസത്തെ കാറ്റും മഴയും ഇടിത്തീ ആയത്. ലോക്ക് ഡൗണോടെ ഉണ്ടായ വിലയിടിവും കര്‍ഷകര്‍ക്ക് മറ്റൊരു ദുരിതമാണ്.

കാസര്‍ഗോഡ് ജില്ലയിലും ഉണ്ടായത് വ്യാപക കൃഷി നാശമാണ്. കൃഷിയിടങ്ങളില്‍ വെള്ളം കയറിയതോടെ നേന്ത്ര വാഴ കര്‍ഷകരാണ് ഏറെ ബുദ്ധിമുട്ടിലായിലായത്. ജില്ലയിലെ ഏറ്റവും കൂടുതല്‍ നേന്ത്രവാഴ കൃഷിയുള്ള മടിക്കൈ മേഖലയില്‍ ഏറെ നാശ നഷ്ടമുണ്ടായി. ഒന്നര കോടിയുടെ നാശ നഷ്ടമുണ്ടായതായാണ് പ്രാഥമിക വിലയിരുത്തല്‍.

ഏറ്റവും കൂടുതല്‍ നഷ്ടമുണ്ടായത് ജില്ലയിലെ വാഴ കര്‍ഷകര്‍ക്കാണ്. ശക്തമായ കാറ്റില്‍ വാഴകള്‍ നശിച്ചതിനു പുറമെ താഴ്ന്ന കൃഷിയിടങ്ങളില്‍ വെള്ളം കയറി. മടിക്കൈ പഞ്ചായത്തില്‍ 1500 അധികം നേന്ത്ര വാഴകളാണ് ഇത്തരത്തില്‍ നശിച്ചത്. ജൂണ്‍ മാസം പകുതിയോടെ വിളവെടുപ്പിന് പാകമാകുന്ന തരത്തിലുള്ള നേന്ത്ര വാഴകളാണ് മഴയില്‍ നശിച്ചത്. വെള്ളം കെട്ടി നിന്നതിനാല്‍ ബാക്കിയുള്ളവയുടെയും വേര് ചീഞ്ഞ് നശിച്ചു പോകുമെന്ന് കര്‍ഷകര്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ലോക്ക് ഡൗണിനെ തുടര്‍ന്ന് പ്രതീക്ഷിച്ച വിപണി ലഭിച്ചില്ല. ഇത്തവണ മഴക്കെടുതി കൂടി ആയതോടെ കര്‍ഷകര്‍ വീണ്ടും ദുരിതത്തിലായിരിക്കുകയാണ്.

Story Highlights: farmers, rain

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here