Advertisement

പാലോറ മാതയെപ്പോലെ ആ അഞ്ഞൂറിൽ അവർ രണ്ടു പേർ

May 20, 2021
Google News 2 minutes Read

കൊല്ലത്തെ സുബൈദുമ്മയും കണ്ണൂരിലെ ജനാർദ്ദനനും സെൻട്രൽ സ്റ്റേഡിയത്തിൽ സത്യപ്രതിജ്ഞ കാണാൻ പോകുമോ ? ഹൈക്കോടതി ഇടപെടലും കൊറോണയും നിയന്ത്രണവുമൊക്കെക്കൂടി പിണറായി വിജയൻറെ രണ്ടാം സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് വിവാദമാകുമ്പോൾ ഈ രണ്ടു മനുഷ്യർ വാർത്തകളിൽ നിറയുന്നു. സംഭാവന പിരിക്കാൻ ചെന്ന എ കെ ഗോപാലന്റെ കയ്യിലോട്ട് സ്വന്തം വീട്ടിലെ പശുക്കിടാവിനെ പിടിച്ചു നൽകിയിട്ട് ഇതാണെന്റെ സംഭാവന എന്ന് പറഞ്ഞുകൊണ്ട് ചരിത്രത്തിലേക്ക് (ദേശാഭിമാനി പത്രത്തിന്റെയെങ്കിലും) നടന്നു കയറിയ പാലോറ മാതയെ പോലെ രണ്ടു മനുഷ്യർ. ആ രണ്ടു മനുഷ്യർക്ക് പക്ഷെ പാലോറമാതയെ അറിയാമോ എന്നറിയില്ല.

കൊല്ലത്തെ സുബൈദുമ്മ തന്റെ ആടിനെ വിറ്റ പണം അങ്ങനെതന്നെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി. ബീഡി തൊഴിലാളിയായ ജനാർദനൻ തന്റെ ജീവിത സമ്പാദ്യമായ 2 ലക്ഷം രൂപയാണ് സംഭാവന ചെയ്തത്. കേന്ദ്രത്തിന് ലഭിക്കുന്നതിനേക്കാൾ ഇരട്ടി വിലയിൽ ലാബുകളിൽ നിന്ന് സംസ്ഥാനങ്ങൾ വാക്സിൻ വാങ്ങാൻ നിർബന്ധിതരായപ്പോൾ കേരളത്തിന് കൈത്താങ്ങായത് സുബൈദുമ്മയെയും ജനാർദനൻ അടക്കമുള്ളവരാണെന്ന സ്മരണയാണ് ഇപ്പോൾ ഇരുവരെയും വാർത്തകളിൽ നിർത്തുന്നത്.

സെൻട്രൽ സ്റ്റേഡിയത്തിൽ സത്യപ്രതിജ്ഞ കാണാൻ ഇരുവർക്കും ക്ഷണമുണ്ട്. മുഖ്യമന്ത്രിയും ഗവർണറും അടക്കമുള്ള ആ അഞ്ഞൂറിൽ രണ്ടു പേർ …

ഒന്നായിരുന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വാരികയായിരുന്നു ദേശാഭിമാനി. 1942 ൽ വാരികയായി തുടങ്ങിയ ദേശാഭിമാനി 1946 ജനുവരി 18നാണ് ദിനപ്പത്രമായി കോഴിക്കോട് നിന്ന് പ്രസിദ്ധീകരണം ആരംഭിച്ചത്. എകെജിയുടെ നേതൃത്വത്തിലായിരുന്നു അന്ന് പത്രത്തിനായുള്ള ഫണ്ട് സ്വരൂപണം. ഇഎംഎസ് തന്റെ സ്വത്ത് വിറ്റു കിട്ടിയ അൻപതിനായിരം രൂപയാണ് പൂർണമായും പത്രത്തിനായുള്ള ഫണ്ടിലേക്ക് നൽകിയത്. പി. കൃഷ്ണപിള്ള എല്ലാവരേയും ഏകോപിപ്പിച്ച് ദിനപ്പത്രം യാഥാർത്ഥ്യമാക്കാൻ മുൻ നിരയിൽ തന്നെയുണ്ടായിരുന്നു. പാർട്ടിയെയും പത്രത്തെയും എതിർക്കാനും നിരോധിക്കാനും കൊണ്ടുപിടിച്ച ശ്രമങ്ങൾ നടക്കുന്ന കാലത്ത് സാധാരണക്കാരായ പലരും തന്നാൽ കഴിയുന്ന പണം പാർട്ടിക്ക് നൽകി, പത്രമിറക്കാൻ പ്രയത്നിച്ചു. അതിൽ മറക്കാൻ പറ്റാത്ത ഒരു പേരായിരുന്നു പാലോറ മാതയുടേത്.

കണ്ണൂരിലെ പേരാവൂർ സ്വദേശിനിയായിരുന്നു പാലോറ മാത. സ്വന്തമായി ആകെയുണ്ടായിരുന്ന പശുവിനെ വിറ്റാണ് അവർ പാർട്ടിക്കായി പണം നൽകിയത്. പാലോറ മാതയുടെ ഈ സംഭാവന ജനങ്ങളെ മാത്രമല്ല നേതാക്കളെയടക്കം ഞെട്ടിച്ചു. പാലോറ മാതെയ കുറിച്ച് അക്കാലത്ത് പാട്ടുകൾ പോലും എഴുതപ്പെട്ടു. പാർട്ടി അണികൾ അത് പാടി നടന്നു. സിപിഐഎം എന്ന പാർട്ടിയോടുള്ള സാധാരണക്കാരന്റെ താത്പര്യത്തിന്റെ പ്രതീകമായാണ് പാലോറ മാതയെ കണക്കാക്കുന്നത്.

തന്റെ ഏക ഉപജീവനമാർ​ഗം പോലും വിറ്റ് പ്രതിസന്ധി ഘട്ടത്തിൽ പ്രസ്ഥാനത്തെ സഹായിച്ച പാലോറ മാതയുടെ പാതയിൽ ഇന്ന് നിരവധി പേരാണ്. പ്രളയ കാലത്ത് കുടുക്ക പൊട്ടിച്ചും, പെൻഷൻ തുക നൽകിയും നിരവധി പേർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവനാ യജ്ഞത്തിൽ അണിചേർന്നു. സുബൈദുമ്മയേയും, ബീഡി തൊഴിലാളിയായ ജനാർദനനെയും പോലെ നിരവധി പേർ ദുരിതാശ്വാസ നിധിയിലേക്ക് തന്നാൽ കഴിയുന്ന സംഭാവന നൽകി സഹോദരങ്ങളെ രക്ഷിക്കാനുള്ള പ്രയത്നത്തിലാണ്.

പക്ഷെ മനുഷ്യ ജീവനെടുക്കുന്ന മഹാമാരിയെ പ്രതിരോധിക്കേണ്ട കാലഘട്ടത്തിൽ സത്യപ്രതിജ്ഞയ്‌ക്കെത്തുന്ന ആൾക്കൂട്ടത്തിന്റെ എണ്ണമെടുപ്പിന്റെ ശാസ്ത്രം പാർട്ടിയുടെ കാര്യം. ന്യായം പറയേണ്ടതും ആ ന്യായത്തെ എതിർക്കുന്നതും വേറെ വിഷയം. പക്ഷെ കൊല്ലത്തെ സുബൈദുമ്മയും കണ്ണൂരിലെ ജനാർദ്ദനനും ഒന്ന് കൂടി പാലോറ മാതായേ ഓർമിപ്പിച്ചു എന്ന് മാത്രം.

Story Highlights: Janardhanan and Subidhumma to attend LDF GOVT swearing in ceremony

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here