സ്ത്രീകളുടെ പദവി ഉയർത്തും; സർക്കാർ സേവനങ്ങൾ വീടുകളിലെത്തും; 20 ലക്ഷം യുവാക്കൾക്ക് തൊഴിൽ; മുഖ്യമന്ത്രി

സംസ്ഥാനത്ത് സാമൂഹ്യ നീതി, ലിംഗ നീതി, സ്ത്രീ സുരക്ഷ എന്നിവ കൂടുതൽ ശക്തിപ്പെടുത്താൻ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്ത്രീകളുടെ പദവി ഉയർത്തുന്നതിന് മുൻഗണ നൽകും. ഭിന്നശേഷിക്കാരായ കുട്ടികൾക്ക് സാധാരണ കുട്ടികൾക്ക് ലഭിക്കുന്ന എല്ലാ സൗകര്യങ്ങളും ഉറപ്പുവരുത്തും. പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾ, മത്സ്യത്തൊഴിലാളികൾ തുടങ്ങിയവരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പ് നൽകി.
ഉന്നതവിദ്യാഭ്യാസത്തെ നവീകരിക്കാൻ പ്രത്യേക നയം രൂപപ്പെടുത്തും. കേരളത്തിലെ യുവാക്കൾക്ക് തൊഴിലുകൾ സൃഷ്ടിക്കും. 5 വർഷം കൊണ്ട് ആധുനികവും ഉയർന്ന തൊഴിൽ ശേഷിയുള്ളതുമായ ഉൽപാദനപരമായ സമ്പദ്ഘടന സൃഷ്ടിക്കും. 25 വർഷം കൊണ്ട് കേരളത്തിൻറെ ജീവിത നിലവാരം വികസിത രാഷ്ട്രങ്ങൾക്ക് സമാനമാക്കുക എന്നതാണ് സർക്കാർ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
കാർഷിക മേഖലയിൽ ‘ഉൽപാദനക്ഷമത, ലാഭ സാധ്യത, സുസ്ഥിരത’ എന്ന മുദ്രാവാക്യം നടപ്പിലാക്കും. ഭക്ഷ്യ സംസ്കരണ വ്യവസായങ്ങൾക്കുള്ള സാധ്യത പ്രയോജനപ്പെടുത്താൻ അടിയന്തര നടപടി സ്വീകരിക്കും. 2025ഓടെ പാലുൽപാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കാൻ സർക്കാർ ലക്ഷ്യമിടുന്നതായും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗവും മുൻ എംപിയുമായ കെകെ രാഗേഷിനെ നിയമിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി ആയി മുൻ ഐആർഎസ് ഉദ്യോഗസ്ഥൻ ആർ മോഹനെയും നിയമിച്ചു. സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം ദിനേശൻ പുത്തലത്ത് ആണ് പൊളിറ്റിക്കൽ സെക്രട്ടറി.
മന്ത്രിസഭായോഗത്തിലെ പ്രധാന തീരുമാനങ്ങൾ;
അതി ദാരിദ്ര്യ ലഘൂകരണം എന്ന ലക്ഷ്യം കൈവരിക്കാൻ പര്യാപ്തമായ സുപ്രധാനമായ ഒരു തീരുമാനം ആദ്യ മന്ത്രിസഭാ യോഗം കൈക്കൊണ്ടിരിക്കുകയാണ്. ഇതുസംബന്ധിച്ച് വിശദമായ സർവെ നടത്താനും ക്ലേശഘടകങ്ങൾ നിർണയിക്കാനും അത് ലഘൂകരിക്കുന്നതിനുള്ള നിർദേശങ്ങൾ സമർപ്പിക്കാനും തദ്ദേശഭരണ വകുപ്പിനെ (സെക്രട്ടറിമാരെ) ചുമതലപ്പെടുത്തി.
പാർപ്പിടമെന്നത് മനുഷ്യൻറെ അവകാശമായി അംഗീകരിച്ച സർക്കാരാണിത്. എല്ലാവർക്കും ഭവനം എന്ന വിശാലമായ ലക്ഷ്യം കൈവരിക്കാൻ വിവിധങ്ങളായ പദ്ധതികൾ നടപ്പിലാക്കാൻ ഈ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. അതേസമയം മറുഭാഗത്ത് ജപ്തി നടപടികളിലൂടെയും മറ്റും ആളുകൾക്ക് കിടപ്പാടം നഷ്ടപ്പെടുന്ന സാഹചര്യവുമുണ്ട്.
ജപ്തി നടപടികളിലൂടെ കിടപ്പാടം നഷ്ടപ്പെടുന്ന അവസ്ഥ ഒഴിവാക്കാൻ ശക്തമായ നിയമനിർമാണം നടത്തും. ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറി, ആസൂത്രണകാര്യ അഡീഷണൽ ചീഫ് സെക്രട്ടറി, വിദഗ്ധ അഭിഭാഷകൻ എന്നിവരടങ്ങുന്ന സമിതി ഇതുസംബന്ധിച്ച കാര്യങ്ങൾ പരിശോധിച്ച് ജൂലൈ 15നകം റിപ്പോർട്ട് നൽകാൻ മന്ത്രിസഭാ യോഗം ചുമതലപ്പെടുത്തി. ആ റിപ്പോർട്ട് പരിശോധിച്ചാകും തുടർനടപടികൾ.
ഗാർഹിക ജോലികളിൽ ഏർപ്പെടുന്ന സ്ത്രീകൾക്ക് സഹായമെത്തിക്കുമെന്ന് പ്രകടനപത്രികയിൽ വാഗ്ദാനം നൽകിയിരുന്നു. ഒപ്പം ഗാർഹിക ജോലികളിലെ കാഠിന്യം കുറയ്ക്കാൻ സ്മാർട്ട് കിച്ചൻ പദ്ധതിയും നടപ്പാക്കുമെന്നും വാഗ്ദാനം നൽകിയതാണ്. നമ്മുടെ നാട്ടിലെ വീട്ടമ്മമാരുടെ ജോലിഭാരം ലഘൂകരിക്കുന്ന, വീട്ടുജോലിയെടുക്കുന്നവരെ സംരക്ഷിക്കുന്ന ഈ പദ്ധതിക്ക് രൂപം നൽകാൻ ചീഫ് സെക്രട്ടറി, തദ്ദേശസ്വയംഭരണ സെക്രട്ടറി, വനിതാ ശിശുക്ഷേമ വകുപ്പ് സെക്രട്ടറി എന്നിവരെ ചുമതലപ്പെടുത്തി.
20 ലക്ഷം അഭ്യസ്തവിദ്യർക്ക് തൊഴിൽ നൽകാനുള്ള മാർഗരേഖ കെ-ഡിസ്ക് തയ്യാറാക്കിയിട്ടുണ്ട്. ഇത് പരിശോധിച്ച് ജൂലൈ 15നകം റിപ്പോർട്ട് നൽകാൻ കെ ഡിസ്കിനെ ചുമതലപ്പെടുത്തി.
സർക്കാരിൻറെ എല്ലാ സേവനങ്ങളും ജനങ്ങളുടെ അവകാശമാണെന്ന കാഴ്ചപ്പാടാണ് സർക്കാരിനെ നയിക്കുന്നത്. ഓരോ തീരുമാനവും ജനങ്ങൾക്കുവേണ്ടിയുള്ളതാണ്. അത് ജനങ്ങൾക്ക് ലഭ്യമാകുന്നതിൽ തടസ്സമുണ്ടാകാൻ പാടില്ല. സർക്കാർ സേവനങ്ങൾ ഓൺലൈനായി വീട്ടുപടിക്കലെത്തുന്ന ബൃഹത്തായ ഒരു പദ്ധതിക്ക് തുടക്കം കുറിക്കുകയാണ്. ഒക്ടോബർ രണ്ടിന് ഗാന്ധിജയന്തി ദിനത്തിൽ ഈ പദ്ധതി നിലവിൽ വരും. ഐടി സെക്രട്ടറി, ഐടി വിദഗ്ധർ എന്നിവരടങ്ങിയ സമിതി പദ്ധതിക്ക് അന്തിമരൂപം നൽകും.
ഇ-ഓഫീസ്, ഇ-ഫയൽ സംവിധാനങ്ങൾ കൂടുതൽ വിപുലമായി നടപ്പാക്കാനാണ് തീരുമാനം. ഇതുസംബന്ധിച്ച് പദ്ധതി നടപ്പാക്കുന്നതിന് സമിതിയെ നിശ്ചയിച്ചു.
വ്യവസായമേഖലയിൽ ഈസ് ഓഫ് ഡൂയിങ് ബിസിനസ് നടപ്പാക്കിയ സംസ്ഥാനമാണ് കേരളം. വ്യവസായങ്ങളെ ആകർഷിക്കാനും തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സർക്കാരിന് സാധിച്ചിട്ടുണ്ട്. വ്യവസായം തുടങ്ങുന്നതുമായി ബന്ധപ്പെട്ടുള്ള പരാതികൾ അറിയിക്കാൻ വ്യത്യസ്തങ്ങളായ ഓഫീസുകൾ കയറിയിറങ്ങേണ്ട സാഹചര്യം നിലവിലുണ്ട്.
അത് ഒഴിവാക്കാൻ പരാതി പരിഹാരത്തിനുള്ള ഏകജാലക സംവിധാനം കൊണ്ടുവരാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഗ്രീവൻസ് റിഡ്രസ്സൽ കമ്മിറ്റി നിയമപരമായി പ്രാബല്യത്തിൽ കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നത്. ഒരു ഉന്നത ഐഎഎസ് ഉദ്യോഗസ്ഥനായിരിക്കും ഈ കമ്മിറ്റിയുടെ ചുമതല. ഇതിനായി പ്രത്യേക നിയമനിർമാണം നടത്തും. ഈ നിയമത്തിൻറെ കരട് പരിശോധിക്കാൻ ഉദ്യോഗസ്ഥത തല സമിതിയെ ചുമതലപ്പെടുത്തി.
15-ാം കേരള നിയമസഭയുടെ ആദ്യ സമ്മേളനം ഈ മാസം 24,25 തീയ്യതികളിൽ വിളിച്ചുചേർക്കുന്നതിന് ഗവർണറോട് ശുപാർശ ചെയ്യാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു.
പ്രോടൈം സ്പീക്കറായി കുന്നമംഗലത്തുനിന്നുള്ള അംഗം അഡ്വ. പി ടി എ റഹീമിനെ നിയോഗിക്കാനുള്ള ശുപാർശ നൽകാനും തീരുമാനിച്ചു.
സംസ്ഥാനത്തിൻറെ അഡ്വക്കറ്റ് ജനറലായി അഡ്വ. കെ ഗോപാലകൃഷ്ണക്കുറുപ്പിനെ നിയമിക്കാൻ മന്ത്രിസഭ തീരുമാനിച്ചു.
അഡ്വ. ടി എ ഷാജിയെ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻസായി നിയമിക്കാൻ തീരുമാനിച്ചു.
സംസ്ഥാന പ്ലാനിങ് ബോർഡ് ഉപാധ്യക്ഷനായി ശ്രീ. വി കെ രാമചന്ദ്രനെ നിയമിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here