Advertisement

വാക്‌സിൻ ക്ഷാമം; കോവാക്‌സിൻ രാജ്യത്തിന് പുറത്ത് നിർമിക്കുന്നതിനുള്ള തീരുമാനവുമായി സർക്കാർ

May 21, 2021
Google News 0 minutes Read

രാജ്യത്തെ കൊവിഡ് വാക്‌സിൻ ക്ഷാമം പരിഹരിക്കാനുള്ള നീക്കങ്ങളുമായി കേന്ദ്ര സർക്കാർ. തദ്ദേശിയമായി നിർമിച്ച കോവാക്‌സിന്റെ ഉല്പാദനം രാജ്യത്തിന് പുറത്തും നടത്താനുള്ള നീക്കങ്ങളാണ് സർക്കാർ ആരംഭിച്ചത്. വാക്‌സിൻ ഉല്പാദനം അടിയന്തരമായി വർദ്ധിപ്പിക്കാനാണ് തീരുമാനം.

രാജ്യത്തിന് പുറത്തു കോവാക്‌സിൻ ഉല്പാദിപ്പിക്കാൻ അനുയോജ്യമായ കേന്ദ്രങ്ങളടക്കം കണ്ടെത്താനുള്ള ഒരുക്കങ്ങൾ തുടങ്ങിയതായി പി.ടി.ഐ. വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ലോകാരോഗ്യ സംഘടനയുമായി ബന്ധപ്പെടുവാനും സാധ്യതയുണ്ട്. മറ്റ് നിർമാതാക്കളെ ഉപയോഗിച്ച് രാജ്യത്തിനകത്ത് തന്നെ വാക്‌സിൻ ഉല്പാദിപ്പിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. ജോൺസൻ ആൻഡ് ജോൺസൻ മോഡേണ തുടങ്ങിയവരുമായി ഇക്കാര്യത്തിൽ ചർച്ച നടത്തി കഴിഞ്ഞുവെന്നാണ് വിവരം.

മെയ് 18 ന് നടന്ന മന്ത്രിതല സമിതി യോഗത്തിൽ, വാക്‌സിൻറെയും മരുന്നുകളുടെയും ഉല്പാദനം വർദ്ധിപ്പിക്കാനുള്ള നടപടികളെ കുറിച്ച് ചർച്ച നടന്നിരുന്നു. വിവിധ ലൈസൻസുകൾ അനുവദിക്കുന്നതടക്കമുള്ള കാര്യങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു. ഇന്ത്യക്ക് കൂടുതൽ വോളണ്ടറി ലൈസൻസുകൾ അനുവദിക്കുന്ന വിഷയം കോവിഷീൽഡ്‌ വാക്‌സിൻറെ നിർമാതാക്കളായ ആസ്ട്രസെനകയുമായി ചർച്ച ചെയ്യാൻ വിദേശകാര്യ മന്ത്രാലയത്തെ ചുമതലപ്പെടുത്തി.

ഫൈസര്‍ അടക്കമുള്ളവയുമായി ചര്‍ച്ചകള്‍ നടത്താന്‍ വിദേശകാര്യ മന്ത്രാലയത്തിന് പുറമെ മറ്റുമന്ത്രാലയങ്ങളെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. വിദേശകാര്യ മന്ത്രാലയവും നീതി ആയോഗും നിയമ മന്ത്രാലയ സെക്രട്ടറിയും ചേര്‍ന്ന് വാക്‌സിൻ ഉല്പാദനം വർദ്ധിപ്പിക്കുന്നതിനുള്ള കരാറുകൾ തയ്യാറാക്കും.

വാക്‌സിൻ ക്ഷാമം സംബന്ധിച്ച് പല സംസ്ഥാനങ്ങളും ഉന്നയിച്ച പരാതികളെ തുടർന്നാണ് വാക്‌സിൻ ഉല്പാദനം വർദ്ധിപ്പിക്കാനുള്ള നടപടികൾ കേന്ദ്ര സർക്കാർ സ്വീകരിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here