ഇന്ത്യൻ ഷൂട്ടിംഗ് പരിശീലക ബ്ലാക്ക് ഫംഗസ് ബാധിച്ച് മരിച്ചു

ഇന്ത്യൻ ഷൂട്ടിംഗ് പരിശീലക മൊണാലി ഗോർഹെ മരിച്ചു. 44 വയസ്സായിരുന്നു. മരണവിവരം ദേശീയ റൈഫിൾ അസോസിയേഷൻ സ്ഥിരീകരിച്ചിട്ടുണ്ട്. കൊവിഡ് ബാധിത ആയതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 15 ദിവസത്തെ ചികിത്സക്ക് പിന്നാലെയാണ് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിക്കുന്നതും മരണപ്പെടുന്നതും. മൊണാലിയുടെ പിതാവ് മനോഹർ ഗോർഹെ വ്യാഴാഴ്ച കൊവിഡ് ബാധിച്ച് മരണപ്പെട്ടിരുന്നു.
ഇന്ത്യൻ ഷൂട്ടിങ് ടീമിലെ കോർ ഗ്രൂപ്പ് അംഗവും പിസ്റ്റൽ കോച്ചുമായിരുന്നു മൊണാലി. 2016ലെ സാഫ് ഗെയിംസിനുള്ള ശ്രീലങ്കൻ ടീമിനേയും മൊണാലി പരിശീലിപ്പിച്ചിച്ചിരുന്നു. ഈ ലങ്കൻ ടീം വെങ്കല മെഡൽ നേടി. നാസിക്കിലെ ആദ്യ ഷൂട്ടിങ് ബാച്ചിൽ അംഗമായിരുന്നു ഇവർ. ജർമനിയിൽ നിന്ന് ഐഎസ്എസ്എഫ് കോച്ചിങ് സർട്ടിഫിക്കറ്റും മൊണാലിക്ക് ലഭിച്ചിട്ടുണ്ട്.
അതേസമയം, ഇന്ത്യയുടെ അത്ലറ്റിക് ഇതിഹാസം മിൽഖാ സിങ്ങിന് കൊവിഡ് സ്ഥിരീകരിച്ചു. ബുധനാഴ്ച വൈകിട്ടോടെയാണ് അദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചതെന്ന് കുടുംബം അറിയിച്ചു. ഇന്ത്യയുടെ പറക്കും സിഖ് എന്നറിയപ്പെടുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും നിലവിൽ അദ്ദേഹം ചണ്ഡീഗഢിലെ വീട്ടിൽ ഐസൊലേഷനിൽ കഴിയുകയാണെന്നും ഭാര്യ നിർമൽ കൗർ അറിയിച്ചു.
വീട്ടിലെ സഹായികളിൽ ഒരാൾക്ക് ദിവസങ്ങൾക്കു മുൻപ് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ തങ്ങളും പരിശോധനയ്ക്ക് വിധേയരാകുകയായിരുന്നുവെന്നും നിർമൽ കൗർ വ്യക്തമാക്കി. മിൽഖാ സിങ്ങിന് കടുത്ത പനിയുണ്ടായിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.
Story Highlights: Indian Shooting Coach Dies Due To Black Fungus
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here